കാതോലിക്കേറ്റിൽ ഫലമേള
പൂച്ചക്കുട്ടിക്കായ അറിയാമോ...

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ ബോട്ടണി വിഭാഗം നടത്തിയ ഫലമേള സന്ദർശിക്കുന്ന വാഴമുട്ടം നാഷണൽ യുപി സ്‌കൂളിലെ വിദ്യാർഥികൾ
പത്തനംതിട്ട ഒതളവും ഗോൾഡ് സ്‌പോട്ടും റബർ കുരുവും കടലാവണക്കുമെല്ലാം ഫലങ്ങളാണ്. വിഷമാണെന്നുമാത്രം. പുതിയ തലമുറയ്‌ക്കറിയാത്ത നിരവധി ഫലങ്ങൾ കാതോലിക്കേറ്റ് കോളേജിലെ സസ്യശാസ്‌ത്ര വിഭാഗം സംഘടിപ്പിച്ച ഫലമേളയിൽ നിരന്നു. തദ്ദേശീയവും വിദേശീയവുമായ പലതരം ഫലങ്ങളുടെ പ്രദർശനമാണ് നടന്നത്. മുന്തിരി ഇനങ്ങൾ, ബെറി, ഡ്രാഗൺ ഫ്രൂട്ട് തുടങ്ങിയവയുടെ വിദേശ രാജ്യങ്ങളിൽനിന്നെത്തിച്ച വൈവിധ്യം കൗതുകമായി. പച്ചമുളകിന്റെയും വഴുതനയുടെയും പയറിന്റെയും പലതരം. നാരകത്തിന്റെ ഗണത്തിൽപ്പെടുന്ന 15 ഇനം പഴങ്ങൾ. ഇതിനെല്ലാം പുറമെ ‘പുളി’ പഴങ്ങൾ അഞ്ച് കൂട്ടം. പൂച്ചക്കുട്ടിക്കായയും മഞ്ചാടിക്കുരുവും തെറ്റിപ്പഴവും ഞാവലും ഉൾപ്പെടെ അണിനിരന്ന് സസ്യ വൈവിധ്യങ്ങളുടെ പഴയകാലത്തെ ഓർമിപ്പിച്ചു. അത്തിയും ജാതിയും കൂവളവും വേറെ. ബോട്ടണി വിഭാഗം സെമിനാർ ഹാളിലായിരുന്നു പരിപാടി. സസ്യങ്ങളെക്കുറിച്ചുള്ള ശാസ്‌ത്രീയ പഠനത്തിനൊപ്പം അവ നൽകുന്ന സാമൂഹ്യ സംഭാവനയും പരിചയപ്പെടുത്തി. നാടന് പുറമെ വിദേശികളായ പഴങ്ങൾ ഓരോ രാജ്യങ്ങളിലും അവയുടെ നാമം രേഖപ്പെടുത്തിയാണ് പരിചയപ്പെടുത്തിയത്. മരുന്നുകൾക്കുപയോഗിക്കുന്ന ഫലങ്ങളെക്കുറിച്ച് മേള പറഞ്ഞുതന്നു. ഓരോ ഇനങ്ങളും തരംതിരിച്ചാണ് നിരന്നത്. ബോട്ടണി വിഭാഗം മേധാവി പ്രൊഫ. ബിനോയ് ടി തോമസിന്റെയും ബോട്ടണി അസോസിയേഷൻ സെക്രട്ടറി ഡോ. തോമസ് കുട്ടിയുടെയും മേൽനോട്ടത്തിൽ അസോസിയേഷൻ ഭാരവാഹികളായ ജി സ്വാതിയും സേതുലക്ഷ്‌മിയുമാണ് മേളയുടെ മുഖ്യസംഘാടകർ. അധ്യാപകരായ ഡോ. എസ് ദീപ്‌തി, നിഷ ജോസഫ്, ഗോകുൽ ജി നായർ, കെ എസ് ഹിമ, ഗൗരി കൃഷ്‌ണൻ എന്നിവരുടെ സഹായവുമുണ്ട്. കുട്ടികൾ തന്നെ കൃഷി ചെയ്‌ത് വിളവെടുത്ത നാടൻ പച്ചക്കറി ഇനങ്ങളുടെയും അടുക്കള വിഭവങ്ങളുടെയും വിപണനവും നടന്നു.
Related News

0 comments