Deshabhimani

വിദ്യ മറക്കില്ല മന്ത്രിയുടെ കരുതൽ

അറ്റുവീണില്ല ജീവിതം

Ente Keralam

വിദ്യയെ വനിതാ വികസന കോർപ്പറേഷന്റെ സ്റ്റാളിൽ കണ്ട മന്ത്രി വീണാ ജോർജ് ഓടിയെത്തി സൗഹൃദം പങ്കിടുന്നു

വെബ് ഡെസ്ക്

Published on May 18, 2025, 12:46 AM | 2 min read

വി എസ്‌ വിഷ്‌ണുപ്രസാദ്‌

പത്തനംതിട്ട

‘എന്റെ കേരളം’ പ്രദർശന, വിപണനമേള ഉദ്‌ഘാടനം ചെയ്യാൻ മന്ത്രി വീണാ ജോർജ്‌ എത്തുമ്പോൾ തന്നെ തിരിച്ചറിയുമോ എന്ന്‌ വിദ്യ സംശയിച്ചിരുന്നു. എന്നാൽ സംശയങ്ങളെല്ലാം കാറ്റിൽപറത്തി മന്ത്രി ഓടിയെത്തി അവളെ കെട്ടിപ്പിടിച്ചു. ഒപ്പമുണ്ടായിരുന്നവർക്കെല്ലാം പരിചയപ്പെടുത്തുകയും ചെയ്‌തു. അറ്റുപോകുമെന്ന്‌ കരുതിയിരുന്ന തന്റെ ജീവിത സ്വപ്‌നങ്ങൾ തുന്നിക്കെട്ടി ജീവിതത്തിലേക്ക്‌ തിരിച്ചുകൊണ്ടുവരാൻ മന്ത്രിയും സർക്കാരും ഒപ്പം നിന്നതിനെക്കുറിച്ച്‌ വിവരിക്കാൻ വിദ്യയ്‌ക്ക്‌ വാക്കുകളില്ലായിരുന്നു. 2022 സെപ്‌തംബർ 17ന്‌ രാത്രി എട്ടോടെയാണ്‌ കലഞ്ഞൂർ സ്വദേശി എസ്‌ വിദ്യയുടെ ജീവിതത്തിൽ അപ്രതീക്ഷിത സംഭവങ്ങളുണ്ടാകുന്നത്‌. ഭർത്താവിന്റെ ഉപദ്രവം ഭയന്ന്‌ അഞ്ചുവയസുള്ള മകനെയുംകൊണ്ട്‌ സ്വന്തം വീട്ടിലേക്കുപോയതായിരുന്നു അവൾ. രാത്രി കൊടുവാളുമായി വീട്ടിലെത്തിയ ഭർത്താവ്‌ അവളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു. തടഞ്ഞപ്പോൾ ഇടതുകൈ വെട്ടേറ്റ്‌ മുറിഞ്ഞുവീണു. അടുത്ത വെട്ട്‌ വലതുകൈകൊണ്ട്‌ തടുത്തപ്പോൾ കൈപ്പത്തിയറ്റുപോയി. മകളെ കൊല്ലാൻ ശ്രമിച്ചത്‌ തടഞ്ഞ അച്ഛനെയും വെട്ടിവീഴ്‌ത്തി. ഗുരുതരാവസ്ഥയിൽ തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിൽ വിദ്യയേയും അച്ഛനേയും എത്തിച്ചെങ്കിലും അവർ കൈയൊഴിഞ്ഞു. സംഭവമറിഞ്ഞ മന്ത്രി വീണാ ജോർജ്‌ തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ എല്ലാ സജ്ജീകരണവുമൊരുക്കി. വിദഗ്‌ധ ഡോക്ടർമാരടങ്ങുന്ന സംഘം വിദ്യയുടെ അറ്റുപോയ കൈയും കൈപ്പത്തിയും തുന്നിപ്പിടിപ്പിച്ചു. 58 ദിവസത്തെ ആശുപത്രി വാസത്തിനിടെ പലതവണ മന്ത്രി തന്നെ കാണാനെത്തിയത്‌ വിദ്യ ഓർക്കുന്നു. ‘‘ഒരു സഹോദരിയേപ്പോലെയാണ്‌ മന്ത്രി എനിക്കുവേണ്ടി ഇടപെട്ടത്‌. എന്റെയും അച്ഛന്റേയും ചികിത്സാ ചെലവ്‌ മുഴുവൻ സംസ്ഥാന സർക്കാർ വഹിച്ചു. സ്വാധീനമില്ലാത്ത കൈകളുമായി മകനെ പോറ്റിവളർത്താനാകില്ലെന്ന സങ്കടം മന്ത്രിയോട്‌ പങ്കുവച്ചിരുന്നു. മന്ത്രി ഇടപെട്ട് വനിതാ വികസന കോർപ്പറേഷനിൽ താൽക്കാലിക ജോലിയും വാങ്ങിത്തന്നു’’–- വിദ്യ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നാലാംവാർഷികത്തിന്റെ ഭാഗമായി പത്തനംതിട്ടയിൽ ആരംഭിച്ച പ്രദർശന, വിപണനമേളയിൽ വനിതാ വികസന കോർപ്പറേഷൻ സ്‌റ്റാളിലെത്തിയ മന്ത്രി തന്നെ തിരിച്ചറിഞ്ഞ്‌ ചേർത്തുപിടിച്ചത്‌ വലിയ ഊർജമേകിയെന്നും വിദ്യ പറഞ്ഞു. ചികിത്സകഴിഞ്ഞ്‌ വീട്ടിലെത്തിയശേഷം അഡ്വ. കെ യു ജനീഷ്‌ കുമാർ എംഎൽഎയും സന്ദർശിച്ച്‌ എല്ലാ പിന്തുണയും വാഗ്‌ദാനം ചെയ്‌തിരുന്നു. ബികോം ബിരുദധാരിയായ വിദ്യ പിഎസ്‌സി പരീക്ഷകൾക്കുവേണ്ടിയും തയാറെടുക്കുന്നുണ്ട്‌. തനിക്കും കുടുംബത്തിനും കൈത്താങ്ങേകിയ സംസ്ഥാന സർക്കാരിന്റെയും മന്ത്രി വീണാ ജോർജിന്റെയും ഇടപെടൽ ഒരിക്കലും മറക്കില്ലെന്നും വിദ്യ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home