പാചകവാതക വില കുതിക്കുന്നു
ഹോട്ടലുകാർ എന്തുചെയ്യാൻ...

സ്വന്തം ലേഖിക
Published on Jun 02, 2026, 12:05 AM | 1 min read
പത്തനംതിട്ട
വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടർ വില വീണ്ടും കൂട്ടി ഹോട്ടൽ മേഖലയാകെ തകർച്ചയിലെത്തിച്ച് കേന്ദ്രസർക്കാർ. ഏറ്റവുമൊടുവിൽ തിങ്കളാഴ്ച സിലിണ്ടറിന് 42 രൂപ വർധിപ്പിച്ചാണ് തിരിച്ചടി തുടരുന്നത്.
സിലിണ്ടർ ക്ഷാമവും വിലവർധനയും അതിജീവിച്ച് വീണ്ടും പ്രവർത്തനമാരംഭിച്ച ചെറുകിട ഹോട്ടലുകളെ നഷ്‌ടത്തിന്റെ പടുകുഴിയിൽ തള്ളിയിടുകയാണ് കേന്ദ്രസർക്കാർ നയമെന്ന് വ്യാപാരികൾ പറയുന്നു. സിലിണ്ടർ ഒന്നിന് ഇറക്കുകൂലിയടക്കം 4000 രൂപ ചെലവാകുന്ന സാഹചര്യമാണ്. ക്ഷാമം നിലനിൽക്കുന്നതിനാൽ കരിഞ്ചന്തയിലും അമിതവിലയ്ക്ക് സിലിണ്ടർ വിൽപ്പന നടക്കുന്നു. പ്രഖ്യാപിത വിലയേക്കാൾ രണ്ടായിരം രൂപ അധികം നൽകിയാലും സിലിണ്ടർ ലഭ്യമാകുന്നില്ല. 42 രൂപ കൂടിയതോടെ 19 കിലോ സിലിണ്ടറിന്റെ ഒൗദ്യോഗിക വില 3200ലേക്കെത്തി.
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പേരിൽ ഇത് നാലാം തവണയാണ് വാണിജ്യ സിലിണ്ടർ വില വർധിപ്പിച്ചത്. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ മെയ് മാസത്തിൽ സിലിണ്ടർ ഒന്നിന് 993 രൂപയാണ് കേന്ദ്രസർക്കാർ കൂട്ടിയത്. പിന്നാലെ പെട്രോൾ, ഡീസൽ, സിഎൻജി വിലയും കൂട്ടി.
വിഭവങ്ങളുടെ വില കൂട്ടിയും മെനു വെട്ടിക്കുറച്ചുമാണ് ഹോട്ടലുകൾ പ്രതിസന്ധി പരിഹരിക്കുന്നത്. കെഎച്ച്‌ആർഎ ഒൗദ്യോഗിക വിലവർധന പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഹോട്ടലുകൾ വിലയിൽ മാറ്റം വരുത്തിയിട്ടുണ്ട്. ആയിരക്കണക്കിന് പേർക്ക് ഭക്ഷണം വിളമ്പുന്ന കാറ്ററിങ് മേഖലയും പ്രതിസന്ധി നേരിടുകയാണ്. പാചകത്തിനിടെ സിലിണ്ടർ തീർന്നാലാണ് ഇത് ഏറ്റവുമധികം ബാധിക്കുക.
വില വർധിപ്പിച്ച് മിൽമ പാലും
ക്ഷീരദിനമായ തിങ്കളാഴ്ച മിൽമ പാൽ വില വർധനയും സംസ്ഥാനത്ത് നിലവിൽ വന്നു. ലിറ്റർ ഒന്നിന് നാലുരൂപയാണ് കൂട്ടിയത്. ഇതോടെ ചായയുടെ വില വർധിപ്പിക്കേണ്ട അവസ്ഥയിലാണ് വ്യാപാരികൾ. മിൽമ വില കൂട്ടിയതോടെ ആനുപാതികമായി തങ്ങളും വില കൂട്ടുമെന്ന വാദമാണ് ക്ഷീരകർഷകർക്കും.










0 comments