വസ്തു ഉടമകൾക്ക് നഷ്ടപരിഹാരം നൽകി

റാന്നി പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിനായി സ്ഥലം ഏറ്റെടുത്ത ബ്ലോക്ക് പടി - രാമപുരം റോഡ്
റാന്നി റാന്നി പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിനായി സ്ഥലം ഏറ്റെടുക്കുന്ന വസ്തു ഉടമകൾക്ക് നഷ്ടപരിഹാരം നൽകി. 14.44 കോടി രൂപയായിരുന്നു വസ്തു ഏറ്റെടുക്കലിനായി വകയിരുത്തിയിരുന്നത്. ഈ തുകയാണ് ഇപ്പോൾ ഉടമകളുടെ അക്കൗണ്ടിൽ എത്തിയിരിക്കുന്നത്. റാന്നി അങ്ങാടി വില്ലേജുകളിലായി 150ലധികം വസ്തു ഉടമകളുടെ ഭൂമിയായിരുന്നു ഏറ്റെടുക്കാൻ ഉണ്ടായിരുന്നത്. ഭൂ ഉടമസ്ഥാവകാശം സംബന്ധിച്ച് വ്യക്തതയില്ലാത്തതും 2021ൽ നോട്ടിഫിക്കേഷന് ശേഷം കൈമാറ്റം ചെയ്‌തതുമായ വസ്തു ഉടമകൾക്കുള്ള തുക രേഖകൾ ഹാജരാക്കുന്ന മുറയ്ക്ക് അവരുടെ അക്കൗണ്ടിലേക്ക് എത്തും. ഇതിനായുള്ള തുക കോടതിയിൽ കെട്ടിവെച്ചിട്ടുണ്ട്. ഏറ്റെടുക്കുന്ന വസ്തുവിന് മാത്രമല്ല വസ്തുവിലെ നിർമിതിക്കും വൃക്ഷങ്ങൾക്കും വില നൽകിയിട്ടുണ്ട്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് അന്നത്തെ എംഎൽഎയായിരുന്ന രാജു ഏബ്രഹാമിന്റെ അഭ്യർഥന പ്രകാരമാണ് പുതിയ പാലം നിർമിക്കാൻ സർക്കാർ അനുമതിയായത്. കിഫ്ബി മുഖാന്തിരം ഇതിന്റെ നിർമാണവും ആരംഭിച്ചിരുന്നു. അങ്ങാടി പഞ്ചായത്തിൽ ഉപാസന കടവ് മുതൽ പേട്ട വരെയും റാന്നി പഞ്ചായത്തിൽ ബ്ലോക്ക് പടി - രാമപുരം റോഡുമാണ് പാലത്തിന്റെ അപ്രോച്ച് റോഡായി തെരഞ്ഞെടുത്തത്. അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ വൈകിയതോടെ പാലം നിർമാണം നിർത്തേണ്ടിവന്നു. അഡ്വ. പ്രമോദ് നാരായൺ എംഎൽഎയായപ്പോൾ നിരന്തര ഇടപെടലിലൂടെ ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കി. ഭൂമിക്ക് നിശ്ചയിച്ച വിലയോടൊപ്പം ഉത്തരവ് വന്ന ദിവസം മുതലുള്ള 1,710 ദിവസത്തെ പണത്തിന്റെ 12% പലിശ ഉൾപ്പെടെ മാർക്കറ്റ് വിലയുടെ രണ്ടും മൂന്നും ഇരട്ടിയാണ് വസ്തു ഉടമകൾക്ക് ലഭിച്ചത്. വസ്തു ഏറ്റെടുക്കൽ ബാധ്യതകൾ തീർന്നതോടെ ഉടൻതന്നെ പാലം ടെൻഡർ ചെയ്‌ത് മഴക്കാലത്തിന് മുമ്പ് നിർമാണം ആരംഭിക്കാനാണ് നടപടി. 45.1 കോടി രൂപയാണ് നിർമാണത്തിനായി മാറ്റിവെച്ചിരിക്കുന്നത്. റാന്നി, അങ്ങാടി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പാലം യാഥാർഥ്യമാകുന്നതോടെ നിലവിലുള്ള പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയ്ക്ക് സമാന്തരമായി ഒരു പാത കൂടിയാകും. ഇത് റാന്നിയിലെയും ഇടിയപ്പാറയിലെയും അങ്ങാടിയിലെയും ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമാകും.
0 comments