വരൂ... അറിയാം... ആസ്വദിക്കാം

പത്തനംതിട്ട രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന "എന്റെ കേരളം' പ്രദർശന വിപണന മേളയ്‌ക്ക് വെള്ളിയാഴ്‌ച തുടക്കമായി. പത്തനംതിട്ട ശബരിമല ഇടത്താവളത്തിൽ ആരംഭിച്ച മേളയ്‌ക്ക് മന്ത്രി വീണാ ജോർജ് തിരിതെളിച്ചു. ആദ്യദിനം നാടക–-സിനിമാ സംവിധായകൻ പ്രമോദ് പയ്യന്നൂർ ഒരുക്കിയ ‘നവോത്ഥാന കേരളം’ എന്ന മൾട്ടീമീഡിയ ദൃശ്യവിഷ്‌കാരം ശ്രദ്ധയാകർഷിച്ചു. ശനി രാവിലെ പത്തുമുതൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ "മാതൃശിശുസംരക്ഷണം; നൂതന പ്രവണതകൾ' എന്ന വിഷയത്തിൽ സെമിനാർ നടത്തും. വൈകിട്ട് 6.30ന് മർസി ബാൻഡ് മ്യൂസിക്ക് നൈറ്റ് ഷോ, ഞായർ വൈകിട്ട് 6.30ന് മജീഷ്യൻ സാമ്രാജ് അവതരിപ്പിക്കുന്ന ‘സൈക്കോ മിറാക്കുള മാജിക് ഷോ’, തിങ്കൾ രാവിലെ പത്തുമുതൽ പിന്നോക്ക വിഭാഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി കരിയർ ഓറിയന്റേഷൻ പ്രോഗ്രാം, പകൽ രണ്ടിന് എക്‌സൈസിന്റെ ലഹരിവിരുദ്ധ നാടകം, 6.30ന് ഗ്രൂവ് ബാൻഡ് ലൈവ് മ്യൂസിക്ക് ഷോ, ചൊവ്വ രാവിലെ 10ന് സാമൂഹ്യനീതി വകുപ്പിന്റെ സെമിനാർ, വൈകിട്ട് 6.30ന് അൻവർ സാദത്ത് മ്യൂസിക് നൈറ്റ്, 21ന് പത്തിന് വനിതാ ശിശുവികസന വകുപ്പ് കൾച്ചറൽ പ്രോഗ്രാം, പകൽ 1.30ന് പട്ടികജാതി വികസന വകുപ്പിന്റെ വിവിധ പരിപാടികൾ, 6.30ന് കനൽ ബാൻഡിന്റെ നാടൻപാട്ട് എന്നിവയുമുണ്ടാകും. 22ന് വൈകിട്ട് നാലിന് സമാപനസമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷനാകും. വൈകിട്ട് ആറിന് സൂരജ് സന്തോഷ് ബാൻഡ് ലൈവ് ഷോയും ഉണ്ടാകും.
0 comments