തമ്മിൽത്തല്ലി കോൺഗ്രസ് നേതാക്കൾ

അടൂർ
കോൺഗ്രസ് അടൂർ, പന്തളം നേതൃയോഗത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന് മതിയായ പരിഗണന നൽകിയില്ലെന്ന രാഹുൽ അനുയായികളുടെ ആക്ഷേപം സമൂഹമാധ്യമ യുദ്ധത്തിലേക്ക്. അടൂരിൽ കുറേക്കാലമായി കോൺഗ്രസ് പാർടിക്ക് കഷ്ടകാലമാണെന്നും പകയും വിദ്വേഷവുമാണ് അടൂരിലെ പാർടിയിൽ നിലനിൽക്കുന്നത് എന്നുമടക്കമുള്ള ആരോപണങ്ങളും സമൂഹമാധ്യമങ്ങളിലൂടെ കോൺഗ്രസ്,- യൂത്ത് കോൺഗ്രസ് നേതാക്കൾ പങ്കുവയ്ക്കുന്നു. എംഎൽഎ ആയി രണ്ട് മാസമായപ്പോൾ തന്നെ പ്രസംഗിക്കാൻ വിളിച്ചില്ല, പടം ചെറുതായി എന്നൊക്കെ പറഞ്ഞ് കരഞ്ഞു വിളിക്കുന്നത് അന്തസ്സ് കെട്ട പണിയാണെന്നും ഉരുള കൊടുത്ത കൈയ്ക്ക് കടിക്കരുതെന്നും രാഹുൽ മാങ്കൂട്ടത്തിലിനെ ഒരു കോൺഗ്രസ് നേതാവ് ഓർമപ്പെടുത്തുന്നു. അടൂരിൽ ചേർന്ന കോൺഗ്രസ് നേതൃയോഗത്തിനെത്തിയ രാഹുലിനെ വേണ്ട രീതിയിൽ സ്വീകരിച്ചില്ലെന്നും സംസാരിക്കാൻ അവസരം നിഷേധിച്ചെന്നുമാണ് രാഹുലിന്റെ അനുയായികളായ യൂത്ത് കോൺഗ്രസ് നേതാക്കളുടെ പരാതി. ഇതിലൂടെ കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധുവിനെയാണ് ഇവർ ഉന്നംവെയ്ക്കുന്നത്. യൂത്ത് നേതാക്കളുടെ പ്രതികരണത്തിന് തക്ക മറുപടിയാണ് പഴകുളം മധുവിനൊപ്പം നിൽക്കുന്നവർ നൽകുന്നത്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി അടൂർ, പന്തളം കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ കീഴിലുള്ള വാർഡ് പ്രസിഡന്റുമാരുടെയും മണ്ഡലം ബ്ലോക്ക് ഭാരവാഹികളുടെയും യോഗം രാഹുൽ വിഷയത്തിൽ അലങ്കോലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് - യൂത്ത് കോൺഗ്രസ് നേതാക്കൾ തമ്മിൽ വാട്‌സാപ്പ് യുദ്ധത്തിലേക്ക് കടന്നത്. യോഗത്തിൽ നടന്ന കാര്യങ്ങൾ ദേശാഭിമാനിക്ക് ചോർത്തി നൽകിയതും ഗ്രൂപ്പിൽ വിവാദമായി. യോഗത്തിൽ പങ്കെടുത്തിരുന്ന എഐസിസി സെക്രട്ടറി വി കെ അറിവഴഗനോട് രാഹുൽ പക്ഷക്കാരായ യൂത്ത് കോൺഗ്രസ് നേതാക്കൾ പ്രതിഷേധിച്ചത് യോഗം അലങ്കോലപ്പെടാൻ ഇടയാക്കിയിരുന്നു.
Related News

0 comments