കർഷക, തൊഴിലാളി പ്രശ്‌നങ്ങൾക്ക് പ്രാധാന്യം നൽകും: ചിറ്റയം ഗോപകുമാർ

സ്വന്തം ലേഖിക
Published on Aug 21, 2025, 12:05 AM | 1 min read
പത്തനംതിട്ട
ജില്ലയിലെ കർഷകരുടെയും തോട്ടം തൊഴിലാളികളുടെയും അസംഘടിത തൊഴിലാളികളുടെയും പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഇടപെടലാണ് പ്രധാന ദൗത്യമെന്ന് സിപിഐ ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാർ. ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം പത്തനംതിട്ട പ്രസ്‌ക്ലബ് നടത്തിയ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്യജീവി ആക്രമണങ്ങൾക്ക് കൃത്യമായ പരിഹാരം കാണേണ്ടതുണ്ട്. നിരവധി പ്രവാസികളുള്ള ജില്ലയായതിനാൽ അവരുടെ ഏകോപനവും പ്രധാനമാണെന്നും ചിറ്റയം പറഞ്ഞു. മലയോരജില്ലയിലെ പാർടിയെ നയിക്കാനുള്ള വലിയ ഉത്തരവാദിത്തമാണ് തനിക്കുള്ളത്. ഡെപ്യൂട്ടി സ്പീക്കറെന്ന ഭാരിച്ച ഉത്തരവാദിത്തം വഹിക്കുന്നതിനിടെയാണ് പുതിയ ദൗത്യം. വരാനിരിക്കുന്ന തദ്ദേശതെരഞ്ഞെടുപ്പിനെയും നിയമസഭാ തെരഞ്ഞെടുപ്പിനെയും വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്. നിലവിൽ അഞ്ച് മണ്ഡലങ്ങളിലും എൽഡിഎഫാണുള്ളത്. ഇതിന് തുടർച്ച കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം.
സിപിഐ ജില്ലാ സെക്രട്ടറി സ്ഥാനം വഹിക്കാൻ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം തടസമല്ലെന്നും സ്പീക്കറുടെ അധികാരങ്ങൾ ഡെപ്യൂട്ടി സ്പീക്കർക്ക് ഇല്ലെന്നും ചിറ്റയം പറഞ്ഞു. ജില്ലയിലെ സിപിഐ നേതാക്കളെയും പ്രവർത്തകരെയും ഒന്നിച്ച് കൊണ്ടുപോകും. അംഗത്വം വർധിപ്പിക്കാനും നടപടിയെടുക്കും. പത്തനംതിട്ട ജില്ലയ്ക്ക് കഴിഞ്ഞ കുറച്ചുവർഷങ്ങളായി വലിയ വികസനമാണുണ്ടായത്. അർഹരായവർക്കെല്ലാം പട്ടയം കിട്ടി. ഇനിയും പട്ടയമേളകൾ നടക്കുകയും ചെയ്യും. ജില്ലയിൽ ഒരു സാംസ്‌കാരിക കേന്ദ്രവും ആർട് ഗ്യാലറിയും സ്ഥാപിക്കാനുള്ള നടപടിയും സ്വീകരിക്കുമെന്നും ചിറ്റയം മാധ്യമങ്ങളോട് പറഞ്ഞു.









0 comments