ഏബലിനും ശ്രീശരണിനും സ്‌കൂൾമുറ്റത്തുനിന്ന് വിട

അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട് മരിച്ച ഏബൽ ബി തോമസിന്റെയും ശ്രീശരണിന്റെയും മൃതദേഹം ഓമല്ലൂർ ആര്യഭാരതി ഹൈസ്‌കൂളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ വിതുമ്പുന്ന സഹപാഠികളും അധ്യാപകരും
പത്തനംതിട്ട
അച്ചൻകോവിലാറ്റിൽ മുങ്ങി മരിച്ച ഓമല്ലൂർ ആര്യഭാരതി സ്‌കൂളിലെ സഹപാഠികളായ ഏബലിനും ശ്രീശരണിനും നാട് വിട നൽകി. ഓമല്ലൂർ ചാക്കാംപുറത്ത് വീട്ടിൽ ബിനോയ് തോമസ് –- എ ജി വിജി ദമ്പതികളുടെ മകൻ ഏബൽ ബി തോമസ്, മുട്ടത്തുകോണം എരുത്തിപ്പാട് വീട്ടിൽ സുഭാഷ്–- സ്‌മിത ദമ്പതികളുടെ മകൻ ശ്രീശരൺ എന്നിവരാണ് കഴിഞ്ഞ ഞായറാഴ്‌ച മുള്ളനിക്കാടിന് സമീപത്തെ കോയിക്കൽ കടവിൽ കുളിക്കാനിറങ്ങിയപ്പോൾ മുങ്ങി മരിച്ചത്. ഇരുവരും പത്താം ക്ലാസ് വിദ്യാർഥികളാണ്. മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ തിങ്കൾ രാവിലെ ഒമ്പതോടെ അവർ ഓടിക്കളിച്ച നടന്ന സ്‌കൂൾമുറ്റത്ത് എത്തിച്ചു. ഇവിടെ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ അന്ത്യോപചാരം അർപ്പിക്കാൻ നൂറുകണക്കിന് പേരെത്തി. അധ്യാപകരും രക്ഷിതാക്കളും വിദ്യാർഥികളും നാട്ടുകാരുമെല്ലാം കുട്ടികൾക്ക് ആദരാഞ്ജലിയർപ്പിച്ചു. രാഷ്ട്രീയ –- സാമൂഹ്യ രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും വിദ്യാഭ്യാസ ഉദ്യോഗസ്ഥരുമെല്ലാം അന്ത്യാഞ്‌ജലിയേകി. ഒരു മണിക്കൂറോളം പൊതുദർശനത്തിന് ശേഷം ഇരുവരുടെയും മൃതദേഹം വീടുകളിലേക്ക് വിലാപയാത്രയായി കൊണ്ടുപോയി. വീടുകളിലും സംസ്‌കാര ചടങ്ങുകൾക്ക് അനേകം പേർ സാക്ഷിയായി. ശ്രീശരണിനെ പകൽ ഒന്നോടെ വീട്ടുവളപ്പിലാണ് സംസ്‌കരിച്ചത്. ഏബലിന്റെ മൃതദേഹം വീട്ടിലെ പൊതുദർശനത്തിനും ചടങ്ങുകൾക്കും ശേഷം 2.30ഓടെ ഓമല്ലൂർ ചാലിങ്കര സെന്റ്‌പീറ്റേഴ്‌സ് യാക്കോബായ പള്ളിയിൽ സംസ്‌കരിച്ചു. മുള്ളനിക്കാടിന് സമീപത്തെ കോയിക്കൽ കടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ് ഇരുവരും കയത്തിൽ മുങ്ങിത്താണത്. മുള്ളനിക്കാട്ടുള്ള ടർഫിൽ കൂട്ടുകാരുമൊത്ത് കളിക്കാനെത്തിയതാണ്. കളി കഴിഞ്ഞ് മടങ്ങുമ്പോൾ കുളിക്കാനിറങ്ങിയതാണ്. 20 അടിയോളം താഴ്‌ചയിലേക്ക് മുങ്ങിത്താഴുകയായിരുന്നു.
Related News

0 comments