മഴ കനക്കുന്നു; നാളെ ഓറഞ്ച് അലർട്ട്

ബുധനാഴ്ച രാത്രി പെയ്ത കനത്ത മഴയിൽ പത്തനംതിട്ട നഗരത്തിലൂടെ നടന്നുപോകുന്ന കുടുംബം. പകലും രാത്രിയും നിലയ്ക്കാത്ത മഴയായിരുന്നു
പത്തനംതിട്ട
ബുധനാഴ്ച ജില്ലയിൽ പെയ്തത് കനത്തമഴ. പുലർച്ചെ ആരംഭിച്ച മഴ ഇടവേളയില്ലാതെ രാത്രിയും പെയ്തു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ വ്യാഴാഴ്ച മഞ്ഞ അലർട്ടും വെള്ളിയാഴ്ച ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയും മഞ്ഞ അലർട്ടാണ്. കണക്കുകൾ പ്രകാരം 1.76 മില്ലീമീറ്റർ മഴ പെയ്യേണ്ട ബുധനാഴ്ച ഉച്ചവരെ പെയ്തത് ശരാശരി 29.95 മില്ലീമീറ്റർ മഴയാണ്. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ ളാഹ സ്‌റ്റേഷനിൽ 43.5 മില്ലീമീറ്ററും കോന്നിയിൽ 32.5 മില്ലീമീറ്ററും മഴയാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. കർക്കടക വാവുബലി ദിനമായ വ്യാഴാഴ്ച ചടങ്ങുകളുടെ ഭാഗമായി പുഴയിലിറങ്ങുന്നവർ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും നിർദേശമുണ്ട്. ബുധനാഴ്ച മലയോരമേഖലയിൽ പെയ്ത ശക്തമായ മഴയെത്തുടർന്ന് നീരൊഴുക്ക് പരിധി കവിഞ്ഞ അച്ചൻകോവിലാറ്റിൽ സംസ്ഥാന ജലവിഭവ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. മൂഴിയാർ ജലസംഭരണിയിൽ ജലനിരപ്പ് ഉയർന്നതിനാൽ മൂന്ന് ഷട്ടറുകളും തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ഗേറ്റ് നമ്പർ ഒന്നും മൂന്നും 10 സെന്റീമീറ്റർ ഉയർത്തിയും ഗേറ്റ് നമ്പർ രണ്ട് 40 സെമീ ഉയർത്തിയുമാണ് അധികജലം പുറത്തേക്ക് ഒഴുക്കുന്നത്. ഈ സാഹചര്യത്തിൽ കക്കാട്ടാറിന്റെ, പ്രത്യേകിച്ച് മൂഴിയാർ ജലസംഭരണി മുതൽ കക്കാട് പവർ ഹൗസ് വരെ ഇരുകരകളിൽ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്.










0 comments