പന്തയംവച്ച് പന്തടിച്ചു
സ്ഥാനാർഥിയുടെ ഗോൾ വൈറൽ


അഖില ബാലകൃഷ്‌ണൻ
Published on Dec 03, 2025, 12:01 AM | 1 min read
പാലക്കാട്
‘‘ഗോളടിച്ചാൽ എന്താണ്ട്‌വാ, നിങ്ങളെല്ലാരും വീട്ടില് പോയി അമ്മമാരോടും അമ്മമ്മമാരോടും ശിവന് വോട്ട് ചെയ്യാൻ പറയോ.’’ പന്ത് കാലിലൊതുക്കി സ്ഥാനാർഥിയുടെ ചോദ്യം. ‘‘അപ്പോ ഗോള് കേറീല്ലേലോ’’ കുട്ടികളുടെ മറുചോദ്യം. ‘‘കേറീല്ലേല്, നിങ്ങള് അച്ഛൻമാരോട് പറയണം വോട്ട് ചെയ്യാൻ.’’ചിരിച്ചുകൊണ്ട് ഒരൊറ്റ ഷോട്ട്, പന്ത് ചെറിയ പോസ്‌റ്റിനുള്ളിൽ. കപ്പൂർ പഞ്ചായത്തിലെ 11–ാം വാർഡ് എറവക്കാട് എൽഡിഎഫ് സ്ഥാനാർഥി പി ശിവന്റെ ഗോൾ വീഡിയോ വൈറലായി. ‘‘തിങ്കളാഴ്‌ച പ്രചാരണത്തിനിടെയാണ് ഒരു കൂട്ടം കുട്ടികൾ ഫുട്‌ബോൾ കളിക്കുന്നത് കാണുന്നത്. പിന്നെ ഒന്നും നോക്കീല്ല, ഉള്ളിലെ പഴയ ഫുട്‌ബോൾ വികാരം ഉണർന്നു. കൂടെയുണ്ടായിരുന്നവരാണ് വീഡിയോ ഫെയ്സ്‌ബുക്കിലിട്ടത്’’ – ശിവൻ പറഞ്ഞു. ഫുട്‌ബോൾ വാങ്ങിനൽകാമെന്ന് കൂടി കുട്ടികൾക്ക് ശിവൻ ഉറപ്പുനൽകിയിട്ടുണ്ട്. കഴിഞ്ഞ 10 വർഷമായി കപ്പൂർ പഞ്ചായത്ത് ഭരണസമിതി അംഗമാണ് ശിവൻ. പൊന്നാനി എംഇഎസ് കോളേജിലെ പഠനകാലത്ത് ഫുട്‌ബോൾ ടീമിലുണ്ടായിരുന്നു. നാട്ടിലെ ടീമുകൾക്കും കളിച്ചു. സിപിഐ എം കപ്പൂർ ലോക്കൽ കമ്മിറ്റി അംഗമാണ്. ഭാര്യ: ഇ ടി അനിത (കൂറ്റനാട് കാർഷിക വികസന ബാങ്ക് ജീവനക്കാരി). മക്കൾ: പി എസ് ശിഖ (പ്ലസ്ടു വിദ്യാർഥിനി), ഗൗതം ശിവ (ചാലിശേരി വിഎച്ച്‌എസ്എസ് ഏഴാം ക്ലാസ് വിദ്യാർഥി). ഗൗതം സ്കൂൾ സബ് ജൂനിയർ ഫുട്‌ബോൾ ടീമിലുണ്ട്.







0 comments