മഴക്കാലപൂർവ ശുചീകരണം പാളി
പാലക്കാടിന് പനിക്കുന്നു

പാലക്കാട്
മഴക്കാലപൂർവ ശുചീകരണം പാളിയതോടെ പകർച്ചവ്യാധിയും പിടിമുറുക്കുന്നു. എട്ട് ദിവസത്തിനിടെ ജില്ലയിൽ 6,517 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. ഇതിൽ 134 പേർക്ക് കിടത്തിച്ചികിത്സയും വേണ്ടിവന്നു. 17 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. മഴയെത്തി തോടുകളും കനാലുകളും ശുചിയാക്കുന്നതടക്കമുള്ള മുഴുവൻ പ്രവൃത്തികളും നിലച്ചതോടെ പകർച്ചവ്യാധികൾ പടരുകയായിരുന്നു. ജില്ലയുടെ ചുമതലയുള്ള മന്ത്രിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്‌ചയാണ് കാലവര്‍ഷ ഒരുക്കം വിലയിരുത്താൻ യോഗം ചേർന്നത്. സാധാരണ മേയിലാണ് മന്ത്രിതല യോഗം ചേരാറ്. പാലക്കാട് നഗരമുൾപ്പെടെ കുപ്പത്തൊട്ടിയായി മാറി. മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനമില്ലാത്തതിനാൽ ഒരു മഴ പെയ്യുന്പോഴേക്കും പ്രധാന റോഡുകളുൾപ്പെടെ വെള്ളത്തിലാണ്. കെട്ടിനിൽക്കുന്ന വെള്ളത്തിലാണ് ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഇൗഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത്. ഉപേക്ഷിച്ച ചിരട്ടകൾ, പ്ലാസ്റ്റിക് കപ്പുകൾ, പൂച്ചട്ടികൾ, ടയറുകൾ, ടെറസ്, സൺഷെയ്ഡുകൾ, ഫ്രിഡ്‌ജിന്റെ പുറകിലെ ട്രേ, എയർ കൂളറുകൾ, ഉപേക്ഷിച്ച പാത്രങ്ങൾ, ജലസംഭരണി തുടങ്ങിയവയെല്ലാം കൊതുക് പെരുകാൻ സാധ്യതയുള്ള ഇടങ്ങളാണ്.








0 comments