വീടുകൾ മാത്രമല്ല കാര്യസ്ഥനും ഇനി "സ്മാർട്ട്’

മുണ്ടൂർ എച്ച്‌എസ്‌എസിന്റെ സ്റ്റാളിലെത്തിയ മന്ത്രി കെ കൃഷ്‌ണൻകുട്ടിയെ സ്മാർട്ട് റോബോട്ട് സ്വീകരിക്കുന്നു
പാലക്കാട് '
ഹലോ വെൽക്കം സാർ പ്ലീസ് ഹാവ് എ സ്വീറ്റ്' എന്റെ കേരളം പ്രദർശന വിപണന മേളയിൽ മുണ്ടൂർ എച്ച്‌എസ്‌എസിന്റെ സ്റ്റാളിലെത്തുന്നവരെ മധുരം നൽകി സ്വീകരിക്കുകയാണ് റോബോട്ട് കാര്യസ്ഥൻ. 1,000 രൂപ കൊടുത്താൽ ജോലിക്കായി ഉത്തരവാദിത്വമുള്ള ഒരാളെത്തന്നെ കിട്ടിയാൽ കാര്യങ്ങൾ ഉഷാറാകില്ലേ. ഈ ആശയമാണ് എട്ടാം തരത്തിൽ പഠിക്കുന്ന അബ്ദുൽ ഹാദി, എം എൻ നകുലൻ, സെഡ് ആർ സൽഷാ എന്നിവരെ 'സ്മാർട്ട് വീടും വരവേൽക്കാൻ റോബോട്ട് കാര്യസ്ഥനും' എന്ന ആശയത്തിലേക്ക് നയിച്ചത്. അധ്യാപകരും രക്ഷിതാക്കളും പിന്തുണച്ചതോടെ സ്വപ്നം യാഥാര്‍ഥ്യമായി. ഒരു നിബന്ധനമാത്രമാണ് അധ്യാപകൻ മുഹമ്മദ് അഷ്‌റഫ് നിർദേശിച്ചത്, സാധാരണക്കാർക്ക് താങ്ങാവുന്നതാകണം ചെലവ്. ആഹ്വാനം ഏറ്റെടുത്ത് കുട്ടികൾ പണിതുടങ്ങി. പൂർത്തീകരിച്ചതാകട്ടെ വെറും 1,000 രൂപയ്ക്ക്....!! വീട്ടിലോ സ്ഥാപനത്തിലോ എത്തുന്ന അതിഥികളെ വരവേൽക്കാൻ കൈയിൽ പൂച്ചെണ്ടും മധുര പലഹാരങ്ങളുമായി ഈ റോബോട്ട് എത്തും. അഗ്നിബാധയുണ്ടായാൽ അലാറം മുഴക്കി വീട്ടുകാരെ അറിയിക്കും. സ്മാർട്ട് വീട്ടിൽ 'മോഷൻ ഓട്ടോ ഐഡന്റിഫിക്കേഷൻ സെൻസർ' ഉപയോഗിച്ചിരിക്കുന്നു. ഉടമസ്ഥൻ വീട്ടിലെത്തിയാൽ ഓട്ടോമാറ്റിക്കായി വാതിൽ തുറക്കും. ലൈറ്റുകളും ഫാനുകളും പ്രവർത്തിക്കും. പുറത്തുകടന്നാൽ തനിയെ ഓഫാകും. സ്മാർട്ട് അയകളിൽ ഉണക്കാനിട്ട തുണികളാകട്ടെ മഴ പെയ്ത് വെള്ളം വീണാൽ ഉള്ളിലേക്ക് വലിയും, വെയിൽ തെളിഞ്ഞാൽ പഴയപടി നിവരും. ഇത്തരത്തിൽ വീട്ടുജോലികൾ എളുപ്പമാക്കുന്നതാണ് കണ്ടുപിടിത്തങ്ങൾ. സ്വകാര്യ ഐടി സ്ഥാപനവുമായി ചേർന്ന് വാണിജ്യാടിസ്ഥാനത്തിൽ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് സ്കൂൾ അധികൃതർ.
0 comments