മഴക്കാല രോഗം
ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

പാലക്കാട്
കാലവര്‍ഷം ആരംഭിച്ചതിനാല്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ടി വി റോഷ് അറിയിച്ചു. വീടിനു ചുറ്റും കൊതുക് വളരാനുള്ള സാഹചര്യം ഇല്ലാതാക്കണം. ഭക്ഷണാവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും അലക്ഷ്യമായി വലിച്ചെറിയരുത്. വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യം ഡെങ്കിപ്പനി, മലമ്പനി എന്നിവയ്ക്കും കെട്ടികിടക്കുന്ന വെള്ളവുമായുള്ള സമ്പര്‍ക്കം എലിപ്പനിക്കും വഴിയൊരുക്കും. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, നന്നായി പാകംചെയ്ത ഭക്ഷണസാധനങ്ങള്‍ മാത്രം കഴിക്കുക, ഭക്ഷണ പദാര്‍ഥങ്ങള്‍ അടച്ചുസൂക്ഷിക്കുക, വ്യക്തിശുചിത്വം പാലിക്കുക എന്നിവ പ്രധാനമാണ്. ആഹാരവും കുടിവെള്ളവും മലിനമാകുന്നത് വഴി വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് എന്നിവക്കും സാധ്യതയുണ്ട്. വയറിളക്കമുണ്ടായാല്‍ നിര്‍ജലീകരണം തടയാനായി ഒആര്‍എസ് ലായനി, കരിക്കിന്‍ വെള്ളം, കഞ്ഞിവെള്ളം തുടങ്ങിയവ രോഗിക്ക് നല്‍കണം. അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികള്‍ വീട്ടില്‍ ഉണ്ടെങ്കില്‍ നിര്‍ബന്ധമായും ഒരു പാക്കറ്റ് ഒആര്‍എസ് കരുതണം. ആരോഗ്യ പ്രവര്‍ത്തകരെ വിവരവും അറിയിക്കണം.
പരിസരശുചിത്വം പാലിക്കാം പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാം
• വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള പാത്രങ്ങള്‍, കുപ്പി, ചിരട്ട, പ്ലാസ്റ്റിക് കൂടുകള്‍, ടയറുകള്‍ എന്നിവ നീക്കുക. • ആഴ്ചയിലൊരിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓഫീസുകളിലും പൊതുഇടങ്ങളിലും വീടുകളിലും ഡ്രൈ ഡേ ആചരിക്കുക. • വെള്ളം ഒഴുക്കി കളയാന്‍ സാധിക്കാത്ത ഇടങ്ങളില്‍ ഗംബൂസിയ, ഗപ്പി തുടങ്ങിയ മത്സ്യങ്ങളെ വളര്‍ത്തുക. • അകത്തു വയ്ക്കുന്ന ചെടിച്ചട്ടിയുടെ അടിയിലുള്ള പാത്രം, ഫ്രിഡ്ജിന്റെ പുറകിലെ ട്രേ എന്നിവയിലെ വെള്ളം ആഴ്ചയിലൊരിക്കല്‍ മാറ്റണം • വീടിന്റെ ടെറസ്, സണ്‍ഷെയ്ഡ്, പാത്തികള്‍ എന്നിവയിൽ -വെള്ളം കെട്ടിനില്‍ക്കാതെ ശ്രദ്ധിക്കണം • ചപ്പുചവറ് ഓടയില്‍ വലിച്ചെറിയരുത്.








0 comments