ad
Deshabhimani

മലമ്പുഴ അണക്കെട്ടിൽ യുവാവിനെ 
കാണാതായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 10, 2026, 01:03 AM | 1 min read

പാലക്കാട്‌

തെക്കേ മലമ്പുഴയിൽ മലമ്പുഴ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കടുവ ചാലിന്‌ സമീപം കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. മലപ്പുറം പരിയാപുരം സ്വദേശി ചെക്കുമാരകത്തിൽ വീട്ടിൽ സലീമിന്റെ മകൻ ഷെമിൽ (22) നെയാണ് കാണാതായത്‌. പാലക്കാട് കഞ്ചിക്കോട്‌ എരട്ടയാലിലെ സ്വകാര്യ കോളേജിൽ ഫാർമസി ഏഴാം സെമസ്റ്റർ വിദ്യാർഥിയാണ്. ചൊവ്വ വൈകിട്ട് അഞ്ചോടെ കോളേജിലെ എട്ട്‌ വിദ്യാർഥികൾ നാല്‌ ബൈക്കുകളിലായാണ് തെക്കേ മലമ്പുഴയിൽ എത്തിയത്. ഇവർ ഒന്നിച്ച് ഡാമിൽ കുളിക്കാനിറങ്ങുകയും നീന്തൽ വശമുണ്ടായിരുന്ന ഷെമിൽ അൽപ്പം ദൂരത്തേക്ക്‌ നീന്തിപ്പോവുകയും പെട്ടെന്ന്‌ കാണാതാവുകയായിരുന്നു. ഉടൻതന്നെ കൂട്ടുകാർ പരിസരവാസികളെ വിവരം അറിയിച്ചു. എല്ലാവരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കഞ്ചിക്കോട്ടുനിന്ന്‌ എത്തിയ അഗ്നിരക്ഷാസേനയും ഡാമിലെ മത്സ്യബന്ധന തൊഴിലാളികളും ചേർന്ന്‌ ഏറെ നേരം തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. പ്രതികൂല കാലാവസ്ഥയും കൂരിരുട്ടുമായതിനാൽ രാത്രി എട്ടോടെ അഗ്നിരക്ഷാസേന തിരച്ചിൽ അവസാനിപ്പിച്ചു. ബുധൻ രാവിലെ തിരച്ചിൽ പുനരാരംഭിക്കുമെന്ന് അഗ്നിരക്ഷാസേന അറിയിച്ചു. പൊലീസും നാട്ടുകാരും രാത്രി വൈകിയും പ്രദേശത്ത്‌ തിരച്ചിൽ തുടരുകയാണ്‌. 2025 മേയിൽ പാലക്കാട്‌ പുതുപ്പള്ളി തെരുവ്‌ സ്വദേശികളായ സഹോദരങ്ങൾ മുങ്ങി മരിച്ച അതേ സ്ഥലത്താണ്‌ ചൊവ്വാഴ്‌ചയും അപകടം നടന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home