ഒന്നുകൂടെ സ്കൂളിൽ പഠിച്ചാലോ

സ്വന്തം ലേഖകൻ
പാലക്കാട്
അടിപൊളി കെട്ടിടങ്ങൾ, കളിക്കാൻ എല്ലാ സൗകര്യവുമുള്ള മൈതാനങ്ങൾ, കിടിലൻ ലാബുകൾ, കല, കായികം, കണ്ടുപിടിത്തം, കൃഷി, സാമൂഹ്യ സേവനം തുടങ്ങി ഏതിനും കട്ടയ്ക്ക് കൂടെനിൽക്കുന്ന അധ്യാപകർ...പൊതുവിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ കണ്ടും കേട്ടും അറിയുമ്പോൾ ആർക്കും തോന്നും ഒന്നുകൂടി സ്കൂളിൽ പഠിച്ചാലോ എന്ന്. എൽഡിഎഫ് സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് മുനിസിപ്പൽ സ്റ്റേഡിയത്തിനുസമീപം നടക്കുന്ന ‘എന്റെ കേരളം’ മേളയിലാണ് പൊതുവിദ്യാഭ്യാസ രംഗത്തെ സർക്കാർ ഇടപെടലും അതുകൊണ്ടുണ്ടായ നേട്ടങ്ങളും വ്യക്തമാക്കുന്ന സ്‌റ്റാൾ. വരവേൽക്കാൻ റോബോട്ട് ടീച്ചർ സ്റ്റാളിൽ എത്തുന്നവരെ സ്വീകരിക്കുന്നത് റോബോട്ട് അധ്യാപികയാണ്. കുറ്റാനശേരി എയുപിഎസിൽ തയ്യാറാക്കിയ റോബോട്ടാണിത്. മലയാളത്തിൽ ഏത് ചോദ്യങ്ങൾക്കും ഉത്തരം നൽകും. പാഠഭാഗം മുൻകൂട്ടി പിഡിഎഫായി നൽകിയാൽ ഒരു മണിക്കൂർവരെ ക്ലാസെടുക്കും. തിരുവനന്തപുരത്തെ സ്റ്റെം റോബോട്ടിക്‌സാണ് സാങ്കേതിക നിർമാണ സഹായം നൽകിയത്. മാറ്റം കണ്ടറിയാം പൊതുവിദ്യാഭ്യാസ വകുപ്പിനൊപ്പം വിദ്യാകിരണം, ഡയറ്റ്, സർവശിക്ഷാ കേരള എന്നിവ സംയുക്തമായാണ് സ്റ്റാൾ ഒരുക്കിയത്. കുട്ടികളുടെ കണ്ടുപിടിത്തങ്ങൾക്കും പരീക്ഷണങ്ങൾക്കും കൂടുതൽ ഇടമുണ്ട്. ഇലക്‌ട്രിക് മാഗ്നറ്റുകൾ മുതൽ റെസിസ്റ്റൻസി കണ്ടുപിടിക്കുന്ന ഉപകരണവും ബിഗ്‌ബസാർ സ്കൂളിൽ കുട്ടികൾ ഉപയോഗിക്കുന്ന ത്രിഡി പ്രിന്റർവരെയും ഇവിടെ കാണാം. വിദ്യാർഥികൾ സ്കുളിനുള്ളിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും ഐഡി കാർഡുവഴി പഞ്ചിങ് എന്നതും അറിയാം. കെ–-ഡറ്റും നൈപുണി വികസന കേന്ദ്രവും എല്ലാ ഉപജില്ലയിലും പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന നൈപുണി വികസന കേന്ദ്രത്തെക്കുറിച്ചും കെ–- ഡറ്റ് എന്ന കേരള ഡിഫ്രൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിനെക്കുറിച്ചും സ്റ്റാളിലൂടെ കൂടുതൽ അറിയാം. 14 സെന്ററുകളാണ് നൈപുണി വികസന കേന്ദ്രത്തിനുള്ളത്.
0 comments