മാലിന്യമുക്തം നവകേരളം
മാലിന്യസംസ്കരണം ഡിജിറ്റലായി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവൃത്തി അവലോകനയോഗത്തിൽ കലക്ടർ സ്നേഹിൽ കുമാർ സിങ് സംസാരിക്കുന്നു
കഴിക്കോട് "മാലിന്യമുക്തം നവകേരളം' ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളുടെ അവലോകനയോഗം ചേർന്നു. ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് ആപ്പ് മുഖാന്തരം അജൈവ മാലിന്യ ശേഖരണവും സംസ്കരണവും ഡിജിറ്റലൈസ് ചെയ്യുന്ന പ്രവൃത്തി 10 തദ്ദേശസ്ഥാപനങ്ങൾ 100 ശതമാനം പൂർത്തീകരിച്ചു. കുറ്റ്യാടി, കൂരാച്ചുണ്ട്, മൂടാടി, നൊച്ചാട്, കട്ടിപ്പാറ, കൂത്താളി, വളയം, ചോറോട്, പുറമേരി, അഴിയൂർ പഞ്ചായത്തുകളാണിവ. ഹരിതകർമ സേനാംഗങ്ങൾ ഹരിതമിത്രം ആപ് ഡൗൺലോഡ് ചെയ്ത് വീടുകളും കടകളും കയറിയാണ് വിവരശേഖരണം നടത്തുന്നത്. ഖരമാലിന്യ പ്രോജക്ടുകളുടെ കാര്യത്തിലും തദ്ദേശസ്ഥാപനങ്ങൾ പുരോഗതി കൈവരിച്ചു. 33 തദ്ദേശസ്ഥാപനങ്ങൾ പുതിയ എംസിഎഫ് സ്ഥാപിക്കാൻ പദ്ധതി സമർപ്പിച്ചു. എംസിഎഫ് സ്ഥാപിക്കുന്നതിൽ ഭൂമി തർക്കവിഷയമായ 12 കേസുകൾ യോഗത്തിൽ ഉന്നയിച്ചപ്പോൾ കലക്ടർ സ്നേഹിൽകുമാർ സിങ് ഇടപെട്ട് ഏഴെണ്ണത്തിൽ ഭൂമി അനുവദിച്ചു. നീർച്ചാലുകൾ വീണ്ടെടുക്കുന്ന ‘ഇനി ഞാനൊഴുകട്ടെ' പദ്ധതി ജില്ലയിൽ 8 തദ്ദേശസ്ഥാപനങ്ങളാണ് ഏറ്റെടുത്തത്. ഇതുവരെ 11.19 കിലോമീറ്റർ നീർച്ചാലുകൾ ശുചീകരിച്ചു. 8 വിനോദസഞ്ചാര കേന്ദ്രങ്ങൾ ഹരിത വിനോദസഞ്ചാര കേന്ദ്രങ്ങളായി പ്രഖ്യാപിച്ചു. ഹരിതസുന്ദര ടൗണുകൾ ആയി പ്രഖ്യാപിച്ചത് 23 എണ്ണമാണ്. ജില്ലയിലെ 27,588 അയൽക്കൂട്ടങ്ങളിൽ 17,631 എണ്ണം ഹരിത അയൽക്കൂട്ടങ്ങളായി. മുഴുവൻ തദ്ദേശസ്ഥാപനങ്ങളും പൂർത്തീകരിക്കാനുള്ള പദ്ധതികൾ ദ്രുതഗതിയിൽ പൂർത്തിയാക്കണമെന്നും ഒറ്റ വാട്സ് ആപ് നമ്പർ മുഖേനയുള്ള പരാതികൾ സമയബന്ധിതമായി പരിഹരിക്കണമെന്നും കലക്ടർ നിർദേശിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രസിഡന്റുമാർ, സബ്കലക്ടർ ഹർഷിൽ ആർ മീണ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വിനു സി കുഞ്ഞപ്പൻ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ലിഷ മോഹൻ, ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എം ഗൗതമൻ തുടങ്ങിയവർ സംസാരിച്ചു.
0 comments