Deshabhimani
ad

ടൗൺ ഹാളിൽ നാടകോത്സവം 23ന്‌

അരങ്ങുണർത്താൻ മൂന്ന് നാടകങ്ങൾ

Three plays arrive to enliven the Kozhikode stage

‘എസ്‌കേപ്പ്’ നാടകത്തിൽ നിന്ന്‌

വെബ് ഡെസ്ക്

Published on Jun 20, 2025, 12:39 AM | 1 min read

കോഴിക്കോട്‌

കോഴിക്കോടിന്റെ അരങ്ങിനെ സജീവമാക്കാൻ മൂന്ന് നാടകങ്ങളെത്തുന്നു. സാഹിത്യനഗരം ആതിഥ്യമരുളുന്ന എസ്‌എഫ്‌ഐ 18ാം അഖിലേന്ത്യാ സമ്മേളനത്തിനോട്‌ അനുബന്ധിച്ചാണ്‌ 23ന്‌ ടൗൺ ഹാളിൽ നാടകോത്സവം അരങ്ങേറുന്നത്‌. അകം പെള്ളിക്കുന്ന നാടകങ്ങളായ എഴുത്തിന്റെ പെരുന്തച്ഛൻ, എസ്‌കേപ്പ്‌, വെടിയൊച്ച എന്നിവയാണ്‌ അരങ്ങിലെത്തുക. ഏറെ നാളുകൾക്കുശേഷം ടൗൺ ഹാളിൽ വിരുന്നെത്തുന്ന നാടകോത്സവത്തെ വരവേൽക്കാൻ കലാസ്വാദകരും കാത്തിരിക്കുകയാണ്‌. മലയാളത്തിന്റെ വരദാനമായ എം ടിയുടെ വിവിധ കഥാപാത്രങ്ങളെ ആസ്‌പദമാക്കി രാജൻ തിരുവോത്ത്‌ രചനയും സംഗീതവും നിർവഹിച്ചതാണ്‌ ‘എഴുത്തിന്റെ പെരുന്തച്ഛൻ’. ലീനീഷ്‌ നരയംകുളമാണ്‌ സംവിധാനം. ഇരുട്ടിന്റെ ആത്മാവ്‌, നാലുകെട്ട്‌, കാലം, രണ്ടാംമൂഴം, അസുരവിത്ത്‌ തുടങ്ങിയ രചനകളിലൂടെയും കഥാപാത്രങ്ങളിലൂടെയും സഞ്ചരിക്കുകയാണ്‌ നാടകം. ഒടുക്കം കഥാപാത്രങ്ങളും എം ടിയും ഒന്നിക്കുന്നതോടെ എഴുത്തിന്റെ പെരുന്തച്ഛന്‌ തിരശ്ശീല വീഴും. കേരളത്തിന്റെ പല ഭാഗങ്ങളിലുള്ള മുപ്പതോളം യുവതീയുവാക്കളെ അണിനിരത്തിയാണ് ‘എസ്‌കേപ്പ്’ എന്ന നാടകമൊരുക്കിയത്. ഭൂരിഭാഗം പേരും ക്യാമ്പസ്‌ വിദ്യാർഥികളാണ്. യുവ ജനങ്ങളുടെ മറ്റു രാജ്യങ്ങളിലേക്കുള്ള കുടിയേറ്റവും അവർ പൊതുഇടങ്ങളിൽനിന്ന് മാറിനിൽക്കേണ്ടിവന്ന സാഹചര്യങ്ങളുമാണ് നാടകം സംസാരിക്കുന്നത്. കാലികപ്രസക്തമായ നാടകത്തിൽ നാടുവിട്ട് പോവാൻ ആഗ്രഹിക്കുന്നവർക്ക് ഭാവിയിൽ രാജ്യത്ത് സംഭവിച്ചേക്കാവുന്ന ഭീകരാവസ്ഥകൾകൂടി വരച്ചുകാട്ടുന്നു. യുവ നാടക പ്രവർത്തകനായ ഛന്ദസാണ് രചനയും ഡിസൈനും സംവിധാനവും നിർവഹിച്ചത്. ജി എസ് അനന്തകൃഷ്‌ണനാണ് ആർട്ട്‌. എം എം അലോക് പ്രോപ്പർട്ടിയും കൃഷ്ണദേവ് സംഗീതവും നിർവഹിക്കുന്നു. ചില ചരിത്ര വസ്തുതകളെ ആസ്പദമാക്കിയാണ് വെടിയൊച്ചകൾ എന്ന ഡോക്യു ഡ്രാമയൊരുക്കിയത്‌. രാജീവ് പെരുമൺപുറ രചനയും ഗിരീഷ് ഇല്ലത്ത് താഴം സംവിധാനവും നിർവഹിച്ചിരിക്കുന്നു. ഇല്ലത്ത് താഴം വെള്ളായികോട് കലാസമിതിയാണ്‌ ഡോക്യു ഡ്രാമ അവതരിപ്പിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Home