വെളിപ്പെടുന്നത് നവഫാസിസത്തിന്റെ ഉദയം: പ്രഭാത് പട്‌നായിക്

സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ‘കോർപറേറ്റ് ഹിന്ദുത്വ കൂട്ടുകെട്ടും ഇന്ത്യൻ ഫെഡറലിസവും' സെമിനാറിൽ പ്രൊഫ. പ്രഭാത് പട്‌നായിക് സംസാരിക്കുന്നു
കോർപറേറ്റ്–-ഹിന്ദുത്വ കൂട്ടുകെട്ട് വെളിപ്പെടുത്തുന്നത് രാജ്യത്തെ നവഫാസിസത്തിന്റെ ഉദയത്തെയാണെന്ന് മാർക്‌സിയൻ സാമ്പത്തിക ശാസ്‌ത്രജ്ഞൻ പ്രൊഫ. പ്രഭാത് പട്‌നായിക് പറഞ്ഞു. നവഉദാരവത്‌കരണം മുന്നോട്ടുവച്ച മൂല്യങ്ങളുടെ തുടർച്ചയാണ് നവഫാസിസം. ഇന്ത്യയിൽ മാത്രമല്ല; അമേരിക്ക, ഇറ്റലി, തുർക്കി ഉൾപ്പെടെ പല രാജ്യങ്ങളിലും ഇതുകാണാമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ‘കോർപറേറ്റ് ഹിന്ദുത്വ കൂട്ടുകെട്ടും ഇന്ത്യൻ ഫെഡറലിസവും' വിഷയത്തിൽ സംഘടിപ്പിച്ച ദേശീയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതലാളിത്തം പ്രതിസന്ധിയിലായപ്പോഴെല്ലാം ഫാസിസം കടന്നുവന്നിട്ടുണ്ട്. 1930കളിലും ഇതുണ്ടായി. രാജ്യത്തെ വർധിച്ച അസമത്വം മുതലാളിത്ത പ്രതിസന്ധിയുടെ തെളിവാണ്. ഫാസിസത്തിന്റെ എല്ലാ ലക്ഷണവും ഇന്ത്യയിൽ പ്രകടമാണ്. ഭിന്നാഭിപ്രായമുള്ളവരെയും ബുദ്ധിജീവികളെയും ഭരണകൂടം അടിച്ചമർത്തുന്നു. പുത്തൻ കുത്തക മുതലാളിമാരുമായി അടുത്ത ബന്ധമുണ്ടാക്കുന്നു. ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നു. വിഭവങ്ങളുടെയും അധികാരത്തിന്റെയും വികേന്ദ്രീകരണത്തിനുപകരം കേന്ദ്രീകരണം നടപ്പാക്കുന്നു. ജനങ്ങളുടെ വൈവിധ്യം ഉൾക്കൊള്ളുന്ന ഫെഡറലിസത്തെയും അത് തകർക്കുന്നു. ഭരണഘടന സംസ്ഥാനങ്ങൾക്ക് നൽകിയ സ്വാതന്ത്ര്യമാണ് കേന്ദ്രം ജിഎസ്‌ടിയിലൂടെ ഇല്ലാതാക്കിയത്. ജിഎസ്‌ടി നടപ്പാക്കിയതോടെ സംസ്ഥാനങ്ങളുടെ വരുമാന വളർച്ചാനിരക്ക് കുറഞ്ഞു. വാഗ്ദാനംചെയ്‌ത നഷ്‌ടപരിഹാരം കിട്ടിയാലും മുൻവർഷങ്ങളിലെ വരുമാനത്തിലേക്ക് എത്തില്ല. ആർഎസ്‌എസിന്റെ പിണിയാളുകളായ ഗവർണർമാരെ പ്രതിപക്ഷ പാർടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്കെതിരെ ഉപയോഗിക്കുന്നു. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരുകളുടെ ഭരണത്തിൽ പോലും ഗവർണർമാർ ഇടപെടുന്നു. സർവകലാശാല വൈസ് ചാൻസലർമാരെ നിയമിക്കുന്നതിനുള്ള അക്കാദമിക് മാനദണ്ഡങ്ങൾ ഒഴിവാക്കി യൂണിവേഴ്‌സിറ്റി ഗ്രാൻഡ്‌സ് കമീഷന്റെ പുതിയ മാർഗനിർദേശം വ്യക്തമായ ഫാസിസ്റ്റ് അജൻഡയാണ്. നവഫാസിസത്തിനെതിരെ ശക്തമായ ജനകീയ പോരാട്ടം ഉയരണമെന്നും രാജ്യത്തിന്റെ അടിസ്ഥാന തത്വങ്ങളായ ജനാധിപത്യവും മതനിരപേക്ഷതയും ഫെഡറലിസവും സമത്വവും സംരക്ഷിക്കണമെന്നും പ്രഭാത് പട്‌നായിക് പറഞ്ഞു.
Related News

0 comments