പുഴയിലും റോഡിലും മാലിന്യം തള്ളുന്നു; പൊറുതിമുട്ടി നാട്ടുകാർ

പുറമേരി–-വേറ്റുമ്മൽ റോഡിൽ കരിങ്കൽപാലത്തിന് സമീപം റോഡിൽ മാലിന്യം തള്ളിയ നിലയിൽ
നാദാപുരം പുറമേരി–വേറ്റുമ്മൽ റോഡിൽ കരിങ്കൽ പാലത്തിന് സമീപം പുഴയിലും റോഡിലും മാലിന്യം തള്ളുന്നത് പതിവാകുന്നു. കരിങ്കൽ പാലത്തിനടുത്ത റോഡിൽ 200 മീറ്ററോളം ദൂരത്തിൽ കടകൾ, വീടുകൾ എന്നിവിടങ്ങളിൽനിന്ന് പുറന്തള്ളുന്ന മാലിന്യം നിറഞ്ഞുകിടക്കയാണ്. പ്ലാസ്റ്റിക് സഞ്ചികൾ, കുപ്പികൾ, പാമ്പേഴ്‌സ്, വിവാഹ വീടുകളിലെയും മറ്റും മാലിന്യം എന്നിവയാണ് തള്ളുന്നത്. കക്കൂസ് മാലിന്യം ടാങ്കർ ലോറിയിൽ കൊണ്ടുവന്ന് പുഴയോരത്ത് തള്ളുന്നു. നിരവധിയാളുകൾ കുളിക്കാനും അലക്കാനും ഉപയോഗിക്കുന്ന പുഴ മലിനമായി ദുർഗന്ധം വമിക്കുന്നു. ഇതോടെ പുഴയോരത്തെ വീടുകളോട് ചേർന്ന കിണറുകളും മലിനമായി. ഇതിന് മുമ്പ് അർധരാത്രിയിൽ ടാങ്കർലോറിയിൽ കൊണ്ടുവന്ന മാലിന്യം പുഴയോരത്ത് തള്ളുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പുറത്തിറങ്ങിയപ്പോഴേക്കും ലോറി അതിവേഗം ഓടിച്ചുപോയി. 10 കിലോമീറ്ററോളം ലോറിയെ നാട്ടുകാർ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. ലോറിയുടെ പിൻഭാഗത്ത് നമ്പർ പ്ലേറ്റ് ഇല്ലാത്തതിനാൽ തിരിച്ചറിയാനും കഴിഞ്ഞില്ല. എടച്ചേരി, നാദാപുരം പൊലീസ് സ്റ്റേഷനുകളിൽ നാട്ടുകാർ പരാതി നൽകിയെങ്കിലും വാഹനം കണ്ടെത്താൻ കഴിഞ്ഞില്ല. പ്രദേശവാസികൾ കഴിഞ്ഞദിവസം പുഴയോരത്ത് നടത്തിയ തിരച്ചലിൽ മാലിന്യക്കെട്ടിൽനിന്ന് കല്ലാച്ചിയിലെ സൂപ്പർമാർക്കറ്റിലെ ബില്ലുകൾ അടക്കമുള്ളവ കണ്ടെത്തിയിരുന്നു. വളയത്തെ വീട്ടമ്മയുടെ ആശുപത്രി ചികിത്സയുടെ ഒപി ടിക്കറ്റ് അടക്കമുള്ളവയും കണ്ടെത്തി. സമീപത്ത് വീടുകൾ കുറവായതും പുഴയോരം കാടുപിടിച്ച് കിടക്കുന്നതുമാണ് മാലിന്യം തള്ളുന്നവർക്ക് ഏറെ സൗകര്യമാകുന്നത്. നാട്ടുകാർ ഇത് സംബന്ധിച്ച് തൂണേരി പഞ്ചായത്ത് ഓഫീസിൽ പരാതി നൽകിയെങ്കിലും തുടർ നടപടി ഉണ്ടായില്ലെന്ന് പറയുന്നു. കോടഞ്ചേരി മണികണ്‌ഠ മഠത്തിൽ കഴിയുന്ന ശബരിമല തീർഥാടകർ കുളിക്കാൻ ഈ പുഴയെയാണ് ആശ്രയിച്ചിരുന്നത്. പുഴ മലിനമായതിനാൽ ഇത്തവണ പുഴ ഉപയോഗിക്കാൻ കഴിഞ്ഞില്ല. മാലിന്യം തള്ളുന്നവരെ പിടികൂടാനും പുഴ സംരക്ഷണത്തിനും യോഗം വിളിച്ചുചേർക്കാൻ പ്രദേശവാസികൾ നടപടി തുടങ്ങി.
0 comments