ചെറുപുഴയിൽ കാണാതായ ആളെ നാല് ദിവസമായിട്ടും കണ്ടെത്താനായില്ല

ചെറുപുഴയിലെ കൂടാൽകടവിൽ കാണാതായ വയോധികനായുള്ള തിരച്ചിൽ നടത്തുന്ന സ്ഥലം പി ടി എ റഹീം എംഎൽഎ സന്ദർശിക്കുന്നു
കുന്നമംഗലം
ചെറുപുഴയിലെ കൂടാൽക്കടവിൽ കാണാതായ വയോധികൻ കച്ചിക്കോളിൽ മാധവൻനായരെ നാല് ദിവസമായിട്ടും കണ്ടെത്താനായില്ല. ഫയർഫോഴ്സും നാട്ടുകാരും പുഴയിൽ വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. മാധവൻ നായരുടെ കുടയും ചെരിപ്പും കടവിൽനിന്ന് മുങ്ങിയെടുത്തിരുന്നു. വ്യാഴാഴ്ച ചാത്തമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുഴയിൽ വ്യാപകമായ തിരച്ചിൽ നടത്തി. ടിഡിആർഎഫ് സംഘം, എന്റെ മുക്കം സന്നദ്ധസേന എന്നീ സംഘടനകളുടെ വളന്റിയർമാരാണ് തിരച്ചിൽ നടത്തിയത്. പി ടി എ റഹീം എംഎൽഎ മാധവൻ നായരുടെ വീട് സന്ദർശിക്കുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു. തിരച്ചിൽ നടക്കുന്ന സ്ഥലവും അദ്ദേഹം സന്ദർശിച്ചു. ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ അബ്ദുൾ ഗഫൂർ, മെമ്പർ ശ്രീജ പൂളക്കമണ്ണിൽ, പഞ്ചായത്ത് സെക്രട്ടറി സനൽകുമാർ, സിപിഐ എം കുന്നമംഗലം ഏരിയാ സെക്രട്ടറി പി ഷൈപു എന്നിവർ സ്ഥലം സന്ദർശിച്ചു. ഉണ്ണികൃഷ്ണൻ, സി പി സന്തോഷ് കുമാർ, വേലായുധൻ, ഉമറലി ഷിഹാബ്, അഷ്‌കർ, ഷബീർ എന്നിവർ തിരച്ചിലിന് നേതൃത്വംനൽകി.
0 comments