പണിമുടക്ക്: നാടുണർത്തി പ്രചാരണ ജാഥകൾ

ദേശീയ പണിമുടക്കിന്റെ പ്രചാരണാാർഥം കേരള ആർട്ടിസാൻസ് യൂണിയൻ കോഴിക്കോട്ട് സംഘടിപ്പിച്ച വിളംബര ജാഥ
കോഴിക്കോട്
കേന്ദ്രസർക്കാരിന്റെ തൊഴിലാളിദ്രോഹ–-കർഷകവിരുദ്ധ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകളും ജീവനക്കാരുടെ ഫെഡേറഷനുകളും ഒമ്പതിന് നടത്തുന്ന ദേശീയ പണിമുടക്ക് ജില്ലയിൽ സമ്പൂർണമാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് തൊഴിലാളികളും തൊഴിലാളി സംഘടനകളും. പണിമുടക്കിന്റെ പ്രചാരണാർഥമുള്ള കാൽനടജാഥകൾ ജില്ലയിൽ ഏതാണ്ട് പൂർത്തിയായി. ഞായറാഴ്‌ച വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നഗരത്തിലും മറ്റും വിളംബര ജാഥകൾ സംഘടിപ്പിച്ചു. തിങ്കളും ചൊവ്വയും വിവിധ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും.
സംയുക്ത കർഷകസമിതി പണിമുടക്കിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നഗരത്തിലും പഞ്ചായത്ത്–-വില്ലേജ് കേന്ദ്രങ്ങളിലും പന്തംകൊളുത്തി പ്രകടനം നടത്തി. എല്ലാ വിഭാഗവും പങ്കാളികളാവുന്നതോടെ പണിമുടക്കിൽ ജില്ല നിശ്‌ചലമാകും. അവശ്യ സർവീസല്ലാതെ മറ്റൊന്നും റോഡിലിറങ്ങില്ല. പാൽ, പത്രവിതരണം എന്നിവയെ പണിമുടക്കിൽനിന്നൊഴിവാക്കിയിട്ടുണ്ട്. പണിമുടക്കിയ തൊഴിലാളികൾ നഗരത്തിൽ ആദായ നികുതി ഓഫീസിനുമുന്നിലും പഞ്ചായത്തുതലങ്ങളിൽ തെരഞ്ഞെടുത്ത കേന്ദ്രസർക്കാർ ഓഫീസുകൾക്കുമുന്നിലും പ്രതിഷേധം തീർക്കും. ചൊവ്വ വൈകിട്ട് 1000 കേന്ദ്രങ്ങളിൽ തൊഴിലാളികൾ പന്തംകൊളുത്തി പ്രകടനം നടത്തും. ജീവിതത്തിന്റെ സമസ്‌ത മേഖലയേയും തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെയുള്ള ശക്തമായ പ്രതിഷേധമാണ് പണിമുടക്കിൽ ഉയരുകയെന്ന് നേതാക്കൾ പറഞ്ഞു.
0 comments