Deshabhimani

ഹിന്ദുത്വം തിരുകിക്കയറ്റാൻ എൻഐടിയിൽ ‘മടിമാറ്റൽ’ കോഴ്‌സ്‌

nit courses
avatar
സ്വന്തം ലേഖകൻ

Published on Jan 24, 2025, 02:13 AM | 1 min read

കോഴിക്കോട്‌ : ഹിന്ദുത്വ ആശയങ്ങൾ വിദ്യാർഥികളിൽ കുത്തിനിറയ്‌ക്കാൻ ലക്ഷ്യമിട്ട്‌ കോഴിക്കോട്‌ എൻഐടിയിൽ ‘മടി മാറ്റൽ’ കോഴ്‌സ്‌. ദ്വാരക കേന്ദ്രമായി പ്രവർത്തിക്കുന്ന ദ്വാർകാദിഷ്‌ ഹോളിസ്റ്റിക്‌ സെന്ററിന്റെ ആഭിമുഖ്യത്തിലാണ്‌ കോഴ്‌സ്‌ സംഘടിപ്പിക്കുന്നത്‌. കോഴ്‌സിൽ പങ്കെടുക്കുന്നവർക്ക്‌ ആറ്‌ ആക്ടിവിറ്റി പോയിന്റ്‌ ലഭിക്കുമെന്ന വാഗ്ദാനം നൽകിയാണ്‌ വിദ്യാർഥികളെ ആകർഷിക്കുന്നത്‌.


എൻഐടിയിലെ സെന്റർ ഫോർ ഇന്ത്യൻ നോളജ്‌ സിസ്റ്റമാണ്‌ ‘ഇൻട്രൊഡക്ഷൻ ഓഫ്‌ ബി ലെയ്‌സി ഓർ ബി സക്‌സസ്‌ഫുൾ’ എന്ന പരിപാടിയുടെ സംഘാടകർ. ഹോളിസ്റ്റിക്‌ രീതിയിലൂടെ പ്രൊഫഷണൽ ജീവിതത്തിലും ജോലിയിലും വിജയം നേടാനുള്ള അവസരമെന്നാണ്‌ വിദ്യാർഥികൾക്ക്‌ അയച്ച ഇ മെയിൽ സന്ദേശത്തിൽ കോഴ്‌സിനെ വിശേഷിപ്പിക്കുന്നത്‌. മൂന്നുമാസത്തെ കോഴ്‌സിൽ എട്ട്‌ ദിവസമാണ്‌ ഓൺലൈൻ ക്ലാസ്‌. മൂന്ന്‌ ദിവസം ഫോളോ അപ്‌ ക്ലാസുകളുമുണ്ടാകും. ബുദ്ധന്റെ അഷ്ടപാതയാണ്‌ കോഴ്‌സിന്റെ പ്രധാന സിലബസായി ചേർത്തിരിക്കുന്നത്‌.


കായികം, സാമൂഹ്യസേവനം, സാംസ്കാരിക പരിപാടികൾ തുടങ്ങി പാഠ്യേതര വിഷയങ്ങളിലെ പങ്കാളിത്തവും മികവും കണക്കാക്കി വിദ്യാർഥികൾക്ക്‌ നൽകുന്ന മാർക്കാണ്‌ ആക്ടിവിറ്റി പോയിന്റ്‌. സാങ്കേതിക മികവിന്റെ കേന്ദ്രമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജിയിൽ ഹിന്ദുത്വ ആശയങ്ങൾ തിരുകിക്കയറ്റാൻ സെന്റർ ഫോർ ഇന്ത്യൻ നോളജ്‌ സിസ്റ്റം ആരംഭിച്ചതിനെതിരെ നേരത്തെ വിമർശനമുയർന്നിരുന്നു. സെന്റർ നേരത്തെ എൻഐടിയിൽ ശാസ്ത്രവും ആത്മീയതയും എന്ന വിഷയത്തിൽ നടത്തിയ സെമിനാറും വിവാദമായിരുന്നു. ഉന്നത പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കാവിവൽക്കരിക്കാനുള്ള സംഘപരിവാർ ശ്രമത്തിന്റെ ഭാഗമായാണ്‌ ഇത്തരം കോഴ്‌സുകളും കേന്ദ്രങ്ങളുമെന്ന വിമർശം അക്കാദമിക്‌ സമൂഹത്തിൽ ശക്തമാണ്‌.



deshabhimani section

Related News

0 comments
Sort by

Home