ഡ്രെയ്‌നേജ് നിർമാണം തടസ്സപ്പെടുത്തിയ ഹോട്ടലിലേക്ക് സിപിഐ എം മാർച്ച്

അമ്പലങ്ങാടിയിലെ ലിജിൽ ഹോട്ടലിലേക്ക് സിപിഐ എം നേതൃത്വത്തിൽ നടത്തിയ ബഹുജന മാർച്ച് യു സുധർമ ഉദ്ഘാടനംചെയ്യുന്നു
ഫറോക്ക് പിഡബ്ല്യുഡി ഡ്രെയ്‌നേജിന്റെ സ്ഥലം കൈയേറി നിർമാണ പ്രവൃത്തി തടസ്സപ്പെടുത്തിയ അമ്പലങ്ങാടിയിലെ ലിജിൽ ഹോട്ടലിലേക്ക് സിപിഐ എം ഫറോക്ക് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ബഹുജന മാർച്ച് നടത്തി. പ്രദേശത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമായ ഡ്രെയ്‌നേജ് നിർമാണം മുടക്കിയ ഹോട്ടൽ ഉടമയുടെ പിടിവാശി അവസാനിപ്പിക്കുക, കൈയേറിയ സ്ഥലം വിട്ടുനൽകി പ്രശ്നം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ മാർച്ച് ഹോട്ടലിന് സമീപം ഫറോക്ക് ഇൻസ്പെക്ടർ ടി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ പൊലീസ് തടഞ്ഞു. തുടർന്ന് റോഡിലിരുന്ന് പ്രതിഷേധിച്ചു. സ്ഥലം വിട്ടുനൽകാൻ നേരത്തെ കോടതി ഉത്തരവുണ്ടായിട്ടും നാടിന്റെ വികസനത്തിന് അനുകൂല നിലപാട് സ്വീകരിക്കാതെ കൈയേറ്റക്കാരെ സഹായിച്ച ഫറോക്ക് നഗരസഭ യുഡിഎഫ് ഭരണത്തിനെതിരെയും മാർച്ചിൽ പ്രതിഷേധമുയർന്നു. ഫറോക്ക് ഏരിയാ കമ്മിറ്റി അംഗം യു സുധർമ മാർച്ച് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം പ്രവീൺകുമാർ കൂട്ടുങ്ങൽ അധ്യക്ഷനായി. ഏരിയാ കമ്മിറ്റി അംഗം സി ഷിജു, നല്ലൂർ ലോക്കൽ സെക്രട്ടറി എം വിജയൻ എന്നിവർ സംസാരിച്ചു. ഫറോക്ക് ലോക്കൽ സെക്രട്ടറി എൻ പ്രശാന്ത് കുമാർ സ്വാഗതവും ലോക്കൽ കമ്മിറ്റി അംഗം പി പി രാമചന്ദ്രൻ നന്ദിയും പറഞ്ഞു.
0 comments