സർവീസിനിടെ ബസ്സിന്റെ ടയർ പൊട്ടി

വടകര ദേശീയപാത മടപ്പള്ളിയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ടയർ പൊട്ടിത്തെറിച്ചു. അപകടത്തെ തുടർന്ന് പുക ഉയർന്നത് പരിഭ്രാന്തിക്കിടയാക്കി. വെള്ളിയാഴ്ച രാവിലെ 7.15ഓടെയാണ് സംഭവം. തിരുവനന്തപുരത്തുനിന്ന് കാസർകോടേക്ക് പോകുകയായിരുന്ന ബസ്സിന്റെ പിൻചക്രമാണ് പൊട്ടിത്തെറിച്ചത്. ഉഗ്രസ്ഫോടനശബ്ദവും പുകയും ഉയരുന്നതുകണ്ട് ബസ് നിർത്തിയ ഉടൻ യാത്രക്കാർ ചാടി ഇറങ്ങി. ഒരാഴ്ചമുമ്പ് മാറ്റിയിട്ട ടയറാണ് പൊട്ടിത്തെറിച്ചതെന്ന് ജീവനക്കാർ പറഞ്ഞു. ഉഗ്രസ്ഫോടന ശബ്ദംകേട്ട് നാട്ടുകാരും വഴിയാത്രക്കാരും ഓടിക്കൂടി. ദേശീയപാതയിൽ കുറച്ചുസമയം ഗതാഗത തടസ്സമുണ്ടായി. പിന്നീട് ടയർ മാറ്റി ബസ് സർവീസ് തുടർന്നു.
0 comments