റാമ്പിലും ചുവടുറപ്പിച്ചു

ആത്മവിശ്വാസത്തിന്റെ വിജയസേന .. കോഴിക്കോട് കോര്‍പറേഷന്‍ സംഘടിപ്പിച്ച ഹരിതകര്‍മ സേനാ സംഗമത്തില്‍ നടന്ന റാമ്പ് വോക്ക് മത്സരത്തിന്റെ ഫലപ്രഖ്യാപനത്തിനിടെ കേരള സ്റ്റൈല്‍ വിഭാഗത്തില്‍ വിജയിയായി പ്രഖ്യാപിക്കപ്പെട്ട 53 വയസുകാരി സി കെ റീത്ത ആഹ്ലാദത്തോടെ നൃത്തംവെച്ച് മുന്നോട്ട് വരുന്നു. മാത്തറ സ്വദേശിയായ റീത്ത ചാലപ്പുറം വാര്‍ഡിലെ ഹരിതകര്‍മസേനാംഗമാണ് ഫോട്ടോ മിഥുന്‍ അനില മിത്രന്‍
സ്വന്തം ലേഖകൻ കോഴിക്കോട് ‘ഹരിത കർമ സേനക്കാരെ റാമ്പ് വാക്ക് പരിശീലിപ്പിക്കുക എന്നത് ദുർഘടമായ ജോലിയായായിരുന്നു കണ്ടിരുന്നത്. എന്നാൽ അവർ വേറെ ലെവലാണ്’ ഹോളി ക്രോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ റാമ്പ് വാക്ക് അധ്യാപിക ശ്രീലക്ഷ്മിയുടെ വാക്കുകൾ കൃത്യമായിരുന്നു. നഗരത്തിലെ മാലിന്യം ശുചീകരിക്കുന്നവർക്ക് റാമ്പിലും കാലിടറിയില്ല. കോർപറേഷൻ ഖരമാലിന്യ തൊഴിലാളികൾക്ക് വേണ്ടി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് ഹാളിൽ സംഘടിപ്പിച്ച ഹരിതസംഗമത്തിൽ അവതരിപ്പിച്ച റാമ്പ് വാക്കാണ് ആത്മവിശ്വാസത്തിന്റെ ചുവടുവയ്പായത്. 36 പേരാണ് പങ്കെടുത്തത്. എല്ലാവരും ഒന്നിനൊന്ന് മെച്ചം. ജഡ്ജസിനും മറുത്തൊന്നും പറയാനില്ലായിരുന്നു. പാട്ടും നൃത്തവും കഴിഞ്ഞ ശേഷമാണ് റാമ്പ് വാക്ക് അരങ്ങേറിയത്. കേരള, ഇന്ത്യൻ കാറ്റഗറികളിലായി ചുവടുവച്ചു. റാമ്പ്‌വാക്ക് പലർക്കും പുതിയ പരിപാടിയായിരുന്നെങ്കിലും അതിന്റെ ഭയമോ ആത്മവിശ്വാസക്കുറവോ ആരുടെയും മുഖത്തുണ്ടായിരുന്നില്ല. കേരള വസ്ത്രങ്ങളും ആഭരണങ്ങളുമണിഞ്ഞ കേരള കാറ്റഗറിയും ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലെ വസ്ത്രങ്ങളും ആഭരണങ്ങളും സംസ്‌കാരങ്ങളുടെ ഒത്തുചേരലായിമാറിയ ഇന്ത്യൻ കാറ്റഗറിയിലും ഉറച്ച നടത്തം ആവേശകരമായി. ആരോഗ്യസമിതി അധ്യക്ഷ ഡോ. എസ് ജയശ്രീ ഉദ്ഘാടനവും സമ്മാനദാനവും നിർവഹിച്ചു. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് ചെക്കുകൾ വിതരണംചെയ്തു.








0 comments