പഴയകാല എസ്എഫ്ഐ പ്രവർത്തകരുടെ കൂട്ടായ്മ "ശുഭ്ര മധുരം' നാളെ കാക്കൂരിൽ

എസ്‌എഫ്‌ഐ പ്രവർത്തകരുടെ സംഗമത്തിന്റെ പ്രചാരണ ബോർഡുകൾ
കാക്കൂർ എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ച് കക്കോടി ഏരിയയിലെ പഴയകാല എസ്എഫ്ഐ പ്രവർത്തകരുടെ കൂട്ടായ്മ "ശുഭ്ര മധുരം' 15ന് നടക്കും. പകൽ 3ന് കാക്കൂർ റീഗൽ അവന്യൂ ഓഡിറ്റോറിയത്തിൽ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് ഉദ്ഘാടനംചെയ്യും. കവി മുരുകൻ കാട്ടാക്കട മുഖ്യാതിഥിയാകും. എസ്എഫ്ഐ രൂപീകരണംമുതൽ കക്കോടി ഏരിയയിൽ വിദ്യാർഥി പ്രസ്ഥാനം കെട്ടിപ്പടുക്കാനായി ത്യാഗപൂർണമായ പ്രവർത്തനം നടത്തിയവരാണ് ഒത്തുചേരുന്നത്. അടിയന്തരാവസ്ഥക്കാലത്ത് സംഘടനാ പ്രവർത്തനം നടത്തിയതിന്റെ ഓർമകൾ, 80ലെ എസ്എഫ്ഐ മുന്നേറ്റം, 90കളിൽ യുഡിഎഫ് സർക്കാർ നടപ്പാക്കിയ വിദ്യാഭ്യാസരംഗത്തെ കച്ചവടവൽക്കരണത്തിനെതിരെ നടന്ന സമരമുഖങ്ങൾ, രണ്ടായിരമാണ്ടിൽ ഉദാരവൽക്കരണത്തിനും ആഗോളവൽക്കരണത്തിനുമെതിരായി നടന്നിട്ടുള്ള സമരങ്ങൾ, പുതിയ കാലത്ത് വർഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരായി ക്യാമ്പസുകൾക്ക് അകത്തും പുറത്തും ശക്തമായ സമരംചെയ്യുന്നവർ അടക്കുള്ള തലമുറകളുടെ സംഗമമാണ് കാക്കൂരിൽ നടക്കുന്നത്. കക്കോടി ഏരിയയിലെ മുഴുവൻ പഴയകാല പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കണമെന്ന് സ്വാഗതസംഘം ഭാരവാഹികൾ അഭ്യർഥിച്ചു.
0 comments