കാപ്പാട്‌ ബീച്ചിൽ സെപ്തംബറില്‍ ആദ്യ ചടങ്ങ്‌

വിവാഹം ഇനി ‘ബീച്ചിൽ’

a
avatar
സ്വന്തം ലേഖിക

Published on Aug 20, 2025, 01:18 AM | 1 min read

കോഴിക്കോട്‌

വിവാഹം ‘സ്വർഗത്തിൽ’ എന്നാണല്ലോ പറയാറ്‌. കടൽക്കാറ്റിന്റെ കുളിർമയും തിരമാലകളുടെ താളവും നീലക്കടലിന്റെ കാഴ്‌ചാവിരുന്നുമുള്ള ബീച്ചിലാണിപ്പോൾ ആ ‘സ്വർഗം’. വീടുകൾ, ഹാൾ എന്നിവിടങ്ങളിൽനിന്ന്‌ മാറി വിവാഹവും അനുബന്ധ ചടങ്ങുകളും വിനോദസഞ്ചാര കേന്ദ്രങ്ങളിലും റിസോർട്ടുകളിലും നടത്തുന്ന ഡസ്‌റ്റിനേഷൻ വെഡിങ്ങുകളുടെ കേന്ദ്രമാകാൻ ഒരുങ്ങുകയാണ്‌ ബീച്ചുകൾ. ടൂറിസം വകുപ്പിന് കീഴിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ നടക്കുന്ന കോഴിക്കോട്‌ ജില്ലയിലെ ആദ്യ ഡസ്‌റ്റിനേഷൻ വെഡ്ഡിങ്ങിന്‌ കാപ്പാട്‌ ബീച്ച്‌ വേദിയാകും. അടുത്തമാസം നടക്കുന്ന വിവാഹനിശ്ചയ ചടങ്ങോടെ ഇതിന്‌ തുടക്കമാകും. സ്വകാര്യമേഖലയിൽ റിസോർട്ടുകളിൽ നേരത്തെ ഡസ്‌റ്റിനേഷൻ വെഡ്ഡിങ്‌ നടക്കുന്നുണ്ട്‌.

ഡസ്‌റ്റിനേഷൻ വെഡ്ഡിങ്ങിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ്‌ വിനോദസഞ്ചാര വകുപ്പ്‌ ഇത്തരം കേന്ദ്രങ്ങളിൽ വിവാഹവേദി അനുവദിക്കുന്നത്‌. ചെറിയ വാടക നൽകി മനോഹരമായ പശ്ചാത്തല സ‍ൗകര്യത്തിൽ വിവാഹം നടത്താം. വരുന്നവരിലേറെയും കാപ്പാടാണ്‌ ആവശ്യപ്പെടുന്നത്‌. കോഴിക്കോട്‌ ബീച്ച്‌, തൂവ്വപ്പാറ ബീച്ച്‌, വടകര സാൻഡ്‌ ബാങ്ക്‌സ്‌, ബേപ്പൂർ, പയങ്കുറ്റി മല എന്നിവിടങ്ങളിലാണ്‌ ഡസ്‌റ്റിനേഷൻ വെഡ്ഡിങ് അനുവദിക്കാൻ തീരുമാനിച്ച സ്ഥലങ്ങളെന്ന്‌ ഡിടിപിസി മാനേജർ എ കെ അശ്വിൻ പറഞ്ഞു.

മനോഹരമായ ഭൂപ്രദേശങ്ങളോ ബീച്ചുകളോ വിവാഹ ചടങ്ങുകൾ നടത്തുംവിധം ആകർഷകമാക്കുകയാണ്‌ വിനോദസഞ്ചാര വകുപ്പ്‌. കാപ്പാട്‌ ബീച്ച്‌ സ‍ൗന്ദര്യവൽക്കരിക്കുന്നതിന്‌ നാലുകോടി രൂപയുടെ പദ്ധതിയാണ്‌ നടപ്പാക്കുന്നത്‌. തിരുവനന്തപുരം ശംഖുമുഖത്ത്‌ ബീച്ചിൽ ഇത്തരം കേന്ദ്രം ഒരുക്കിയിരുന്നു. വധുവിന്റെയും വരന്റെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായാണ്‌ ഡെസ്‌റ്റിനേഷൻ വെഡ്ഡിങ്ങുകൾ ആഘോഷിക്കുക. പൊതുകേന്ദ്രത്തിൽ നടത്തുമ്പോൾ ഭക്ഷണം, സ്‌റ്റേജ്‌ തുടങ്ങിയ എല്ലാ ക്രമീകരണങ്ങളും വ്യക്തികൾ ചെയ്യണം. പരിപാടി കഴിഞ്ഞാൽ മാലിന്യ മുക്തമാക്കുന്നതുൾപ്പെടെ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന ഉറപ്പിലാണ്‌ വേദി പരിപാടിക്ക്‌ നൽകുക. സ്വകാര്യ കേന്ദ്രങ്ങളുമായി താരതമ്യംചെയ്യുമ്പോൾ വാടക കുറവെന്നതും ബീച്ചിന്റെ മനോഹരമായ അന്തരീക്ഷവും സവിശേഷതയാണ്‌. ടൂറിസം വകുപ്പുമായി ബന്ധപ്പെട്ടാൽ ബീച്ചിൽ വിവാഹവേദി ഉറപ്പാക്കാം.



deshabhimani section

Related News

View More
0 comments
Sort by

Home