Deshabhimani

അനധികൃത മീൻപിടിത്തവും കയറ്റുമതിയും

ബേപ്പൂരിൽ കടൽക്കൊള്ള വ്യാപകം

അനധികൃതമായി പിടിച്ചെടുത്ത വളം മത്സ്യം ലോറികളിൽ കയറ്റുന്നു. ബുധൻ രാവിലെ ബേപ്പൂർ ഹാർബറിൽ നിന്നുള്ള ദൃശ്യം

അനധികൃതമായി പിടിച്ചെടുത്ത വളം മത്സ്യം ലോറികളിൽ കയറ്റുന്നു. ബുധൻ രാവിലെ ബേപ്പൂർ ഹാർബറിൽ നിന്നുള്ള ദൃശ്യം

വെബ് ഡെസ്ക്

Published on May 15, 2025, 01:15 AM | 1 min read

ബേപ്പൂർ

ആഴക്കടലും തീരക്കടലും ഒരുപോലെ അരിച്ചുപെറുക്കിയുള്ള അനധികൃത മത്സ്യബന്ധനവും വളം നിർമാണത്തിനായുള്ള മത്സ്യക്കടത്തും വ്യാപകം. ബേപ്പൂർ ഹാർബർ കേന്ദ്രീകരിച്ച് ഒരുവിഭാഗം ബോട്ടുകളും വള്ളങ്ങളുമാണ് ടൺ കണക്കിന് ചെറുമത്സ്യങ്ങളും ഭക്ഷ്യയോഗ്യമല്ലാത്ത കടൽ ജീവികളേയും പിടിച്ചുകയറ്റി അയക്കുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ നൂറുകണക്കിന് ടൺ ബേപ്പൂരിൽ നിന്ന്‌ കയറ്റി അയക്കപ്പെട്ടിട്ടുണ്ട്. ബുധൻ മാത്രം രണ്ടുടൺ മുതൽ 12 ടൺ വരെ ശേഷിയുള്ള ഇരുപതിലേറെ ഇൻസുലേറ്റ് ലോറികൾ ബേപ്പൂർ ഹാർബറിൽനിന്ന്‌ ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങൾ കയറ്റിപ്പോയതായാണ് വിവരം.

അമിത ചൂടും കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുള്ള വിവിധ കാരണങ്ങളാലും മത്സ്യദൗർലഭ്യം നേരിടുന്ന സാഹചര്യത്തിലാണ് ലാഭക്കൊയ്ത്ത് മോഹിച്ചുള്ള നിയമ വിരുദ്ധ മീൻപിടിത്തം. 58 ഇനം ചെറുമത്സ്യങ്ങളേയും വിവിധ കടൽജീവികളേയും പിടിക്കുന്നതിന് വിലക്ക് നിലനിൽക്കെയാണ് നിരോധിത കണ്ണിവലുപ്പം കുറഞ്ഞ വലയുപയോഗിച്ചും ഇരട്ട ബോട്ടുകളും വള്ളങ്ങളും ഉപയോഗിച്ചും ആഴക്കടലിലും തീരക്കടലിലും ചെറുമത്സ്യങ്ങളെ ഊറ്റിയെടുത്ത് കടത്തുന്നത്.

നേരത്തെ രഹസ്യമായി രാത്രിയും പുലർച്ചെയുമായിരുന്നു ഹാർബറിൽ വളം മത്സ്യം എത്തിച്ച് കയറ്റിപ്പോയിരുന്നത്. ഇപ്പോൾ സാധാരണ ഹാർബർ പ്രവൃത്തി സമയങ്ങളിലാണ് ഇടപാടുകൾ. ബുധൻ പുലർച്ചെ മുതൽ ഉച്ചവരെയും നിരവധി ലോറികളാണ് ബേപ്പൂർ ഹാർബറിൽനിന്ന്‌ നിരോധിത വളം മത്സ്യം കടത്തിയത്.

ഹാർബർ കേന്ദ്രീകരിച്ച് അനധികൃത മത്സ്യബന്ധനത്തിനും വളമത്സ്യക്കടത്തിനുമായി ഒരു പ്രത്യേക ലോബിയും ഇവർക്ക് തുണയായി വലിയൊരു വിഭാഗവുമുണ്ട്. ട്രോളിങ്ങിന് ഉപയോഗിക്കാൻ വിലക്കുള്ള കണ്ണിയടുപ്പമുള്ള വലകളുപയോഗിച്ച് കടലിന്റെ അടിത്തട്ടുവരെ കോരിയെടുക്കുമ്പോൾ നിരവധിയിനം കുഞ്ഞുമത്സ്യങ്ങളാണ് ഇല്ലാതാകുന്നത്. ഒന്നും രണ്ടും കിലോഗ്രാം വളർച്ചയെത്തുന്ന മത്സ്യങ്ങളെപ്പോലും പത്തും ഇരുപതും ഗ്രാം തൂക്കത്തിലെത്തുമ്പോൾ തന്നെ വലയിലാക്കുന്നു. ഇതോടൊപ്പം മത്തി, അയല, തളയൻ, കിളിമീൻ (മഞ്ഞക്കോര) എന്നിവ ചെറുതാകുമ്പോൾ പിടിക്കുന്നുണ്ട്‌. അനധികൃത മീൻപിടിത്തം കാരണം, പരമ്പരാഗത വള്ളക്കാരും മറ്റു ബോട്ടുകാരും കടലിൽ വലവിരിച്ചാൽ ഒന്നും കിട്ടാതെ മടങ്ങേണ്ടി വരികയാണിപ്പോൾ. മത്സ്യപ്രജനനത്തേയും സാരമായി ബാധിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home