മണ്ണറിഞ്ഞ് വിത്തെറിഞ്ഞു നൂറുമേനി കൊയ്‌തു

സുരേഷ് ബാബു കൃഷിയിടത്തിൽ

സ്വന്തം ലേഖകൻ
Published on May 15, 2025, 01:00 AM | 1 min read
കാക്കൂർ
മണ്ണറിഞ്ഞ്, മഴയറിഞ്ഞ്, വിത്തെറിഞ്ഞ് നൂറുമേനി കൊയ്‌തെടുത്ത് യുവകർഷകൻ. കാക്കൂർ പഞ്ചായത്തിലെ ഈന്താട് പറമ്പോന സുരേഷ് ബാബുവാണ് സംയോജിത കൃഷിയിൽ വിജയഗാഥ രചിച്ചത്. കഠിനാധ്വാനവും കൃഷിയോടുള്ള ഇഷ്‌ടവുമാണ് പതിനഞ്ച് വർഷമായി തുടരുന്ന വിജയഗാഥയുടെ മൂലധനം.
വ്യക്തമായ പ്ലാനിങ്ങോടെ കാലാവസ്ഥക്കനുസരിച്ച് വിവിധതരം കൃഷിയിറക്കിയാൽ ആയിരങ്ങൾ സമ്പാദിക്കാമെന്നും കൃഷി നഷ്‌ടമല്ല എന്നുമാണ് സുരേഷ് ബാബുവിന്റെ വാദം. പറമ്പോന തോടിന്റെ ഇരുകരകളിലും കിഴക്കേക്കര താഴത്തും സ്വന്തമായും പാട്ടത്തിനെടുത്തതുമായ എട്ട് ഏക്കറിലാണ് സുരേഷ് ബാബുവിന്റെ ജൈവകൃഷിത്തോട്ടം. പുലർച്ചെ 2.30ന് ഉണരുന്നതുമുതൽ രാത്രി ഒമ്പതുവരെയുള്ള സമയം നീക്കിവച്ചാണ് കൃഷി പരിപാലനം. ജൈവപച്ചക്കറി കൃഷിയിടത്തിലെ പ്രധാന വളമായ ചാണകത്തിനും ഗോമൂത്രത്തിനുമായി നല്ലയിനം 20 പശുക്കളെ വളർത്തുന്നു. ദിവസേന 200 ലിറ്ററോളം പാൽ ലഭിക്കുന്നുണ്ട്. വിവിധ പച്ചക്കറികൾ തോട്ടത്തിലുണ്ട്. ഒരേക്കറിൽ നാടൻ, സ്വർണമുഖി, മേട്ടുപ്പാളയം തുടങ്ങി ആയിരത്തിലധികം നേന്ത്രവാഴകളും റോബസ്‌റ്റ വാഴയും കുലച്ചുനിൽക്കുന്നു. ഒന്നര ഏക്കറിലാണ് മരച്ചീനി കൃഷി. ഒരുതണ്ടിൽനിന്ന് 15 കിലോയിലധികം തൂക്കംവരുന്ന മരച്ചീനി ലഭിക്കും. രണ്ട് ഏക്കറിൽ നെൽകൃഷിയും അതിനടുത്തായി പശുക്കൾക്ക് തീറ്റക്കായി പുൽകൃഷിയുമുണ്ട്. പോത്തിനെയും വളർത്തുന്നു. 25 വർഷത്തിലധികമായി കാർഷികമേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സുരേഷ് ബാബുവിന് മികച്ച കർഷകനുള്ള പഞ്ചായത്തിന്റെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കൃഷിക്കുവേണ്ട എല്ലാ മാർഗനിർദേശങ്ങളും കാക്കൂർ കൃഷി ഓഫീസർ എൻ എസ് അപർണയാണ് നൽകുന്നത്.
0 comments