കച്ചവടം പൊടിപൊടിക്കുന്നു ഫുട്‌ബോൾ ആവേശത്തിലലിഞ്ഞ് നാട്

കോഴിക്കോട് മാളിക്കടവിലെ കടയില്‍ വില്‍പ്പനയ്ക്കെത്തിച്ച ജഴ്‌സികള്‍
സ്വന്തം ലേഖകൻ കോഴിക്കോട് ലോകകപ്പിൽ പന്തുരുളാൻ മണിക്കൂറുകൾമാത്രം ബാക്കിനിൽക്കെ ഫുട്‌ബോൾ പ്രേമികളെ ലക്ഷ്യമിട്ട് നഗരത്തിലെ വിപണിയും സജീവം. മിഠായിത്തെരുവിലും എം പി റോഡിലും സ്‌റ്റേഡിയം ജങ്‌ഷനിലുമെല്ലാം കച്ചവടം പൊടിപൊടിക്കയാണ്. ഇഷ്‌ട ടീമുകളുടെ നിറങ്ങളിൽ നഗരങ്ങളും ഗ്രാമങ്ങളും അണിഞ്ഞൊരുങ്ങുമ്പോൾ ജഴ്‌സി വിപണിയിലും വൻ തിരക്കാണിപ്പോള്‍. തോരണങ്ങളും കൊടികളും മറ്റ് അലങ്കാരവസ്‌തുക്കളും മൊത്തമായും ചില്ലറയായും വിൽക്കുന്ന കടകളിലെത്തി സാധനങ്ങൾ സ്വന്തമാക്കുകയാണ് ഫുട്‌ബോൾ പ്രേമികൾ. ആൽബിസെലസ്റ്റുകളുടെ ആകാശനീലവരകളും കാനറികളുടെ മഞ്ഞയും പറങ്കിപ്പടയുടെ ചെഞ്ചുവപ്പുമെല്ലാം കടകളിൽ നിറഞ്ഞു. കുട്ടികളുടെ ജഴ്‌സി 100 രൂപമുതൽ ലഭ്യമാണ്. മുതിർന്നവരുടേത് 250മുതലും. ജഴ്‌സിയും ഷോർട്‌സും അടക്കമുള്ള കിറ്റിന് 350 രൂപമുതലാണ്. 100 രൂപമുതൽ ലഭിച്ചിരുന്ന ജഴ്‌സികൾക്ക് ലോകകപ്പ് അടുത്തതോടെ വിലയൽപ്പം വർധിച്ചിട്ടുണ്ട്. സ്‌പോർട്‌സ് ഉപകരണങ്ങൾ വിൽക്കുന്ന കടകളിലും ടെക്‌സ്‌റ്റൈൽ കടകളിലും വിലയിലും ഗുണമേൻമയിലും വ്യത്യാസമുണ്ട്. സ്‌പോർട്‌സ് കടകളിൽ ടീമുകൾ ഉപയോഗിക്കുന്ന ഓഫീഷ്യൽ ജഴ്‌സികളോട് വളരെ സാമ്യംവരുന്ന ജഴ്‌സികൾക്ക് 1000മുതൽ 10,000 രൂപവരെയുണ്ട്. മെസിക്കും റൊണോൾഡോക്കുംതന്നെയാണ് ആവശ്യക്കാരേറെ. ചെറിയ കൊടികൾക്ക് 20മുതലും ഇടത്തരം കൊടികൾക്ക് 60മുതലും വലിയ കൊടികൾക്ക് 100മുതലുമാണ് വില. കുരുത്തോല മാതൃകയിൽ ത്രികോണാകൃതിയിലുള്ള തോരണങ്ങളാണ് ഇത്തവണ കൂടുതലായും വിറ്റുപോകുന്നത്. ഒരുമീറ്ററിന് 14മുതൽ 20വരെയാണ് വില. സാധാരണ തോരണത്തിന് 100 മീറ്ററിന് 350 രൂപയാണ്. 48 രാജ്യങ്ങളുടെയും കൊടി ഉൾപ്പെടുന്ന തോരണത്തിന് 650 രൂപമുതലാണ് വില. വിവിധ അലങ്കാരവസ്‌തുക്കളും ഹെഡ് ബാന്റും വിപണിയിലുണ്ട്. ഇഷ്‌ടതാരങ്ങളുടെ ജഴ്‌സികൾക്കുപുറമെ സ്വന്തം പേരും ഇഷ്‌ട നമ്പറും അച്ചടിച്ചുനൽകുന്ന കടകളും സജീവമാണ്. നഗരത്തിലെത്തുന്നവരുടെ വേഷവും ഇൗയിടെയായി കൂടുതലും ജഴ്‌സിതന്നെയാണ്. മിഠായിത്തെരുവിലൂടെ വെറുതെയങ്ങോട്ടുമിങ്ങോട്ടും നടന്നാൽ ചുറ്റും മെസിയെയും റൊണാൾഡോയെയും ലാമിൻ യമാലിനെയുമൊക്കെ കാണാം.










0 comments