കാലവര്‍ഷം കനത്തു

ശക്തമായ മഴയില്‍ വെള്ളം കയറിയ കോഴിക്കോട് സ്റ്റേഡിയം ജങ്ഷൻ
സ്വന്തം ലേഖിക കോഴിക്കോട് കാലവര്‍ഷം കനത്തതോടെ ജില്ലയിൽ വ്യാപകനഷ്ടം. തുടര്‍ച്ചയായ മഴയിൽ നഗരത്തിൽ മാവൂര്‍ റോഡ്, ബീച്ച് പരിസരം, തളി റോഡ് ഉൾപ്പെടെ നഗരത്തിലെ വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ജലാശയങ്ങളെല്ലാം നിറഞ്ഞുകവിഞ്ഞു. ഒരാഴ്ചക്കിടെ 31 വൻമരങ്ങൾ ജില്ലയിലെ വിവിധയിടങ്ങളിലായി കടപുഴകി വീണു. എൽഐസി കോര്‍ണര്‍, ചിന്താവളപ്പ് ജങ്ഷൻ, പാലാഴി പയ്യടിമേത്തൽ റോഡ്, കാക്കഞ്ചേരി പള്ളിക്കൽ ബസാർ റോഡ്, മൂർക്കനാട് കോഴിക്കോടൻകുന്ന് റോഡ് തുടങ്ങിയ ഇടങ്ങളിലെല്ലാം മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതയോഗ്യമാക്കി. 32 കോളുകൾ വിവിധ മഴക്കെടുതികൾ റിപ്പോര്‍ട്ട് ചെയ്യാൻ ഇക്കാലയളവിൽ മീഞ്ചന്ത അഗ്നിരക്ഷാസേനാ യൂണിറ്റിലേക്കെത്തി. വടകര പുതിയ ബസ് സ്റ്റാൻഡും പരിസരപ്രദേശങ്ങളും പൂർണമായും വെള്ളത്തിനടിയിലായി. ലിങ്ക് റോഡിലും മേപ്പയിൽ പ്രദേശത്തും വെള്ളക്കെട്ട് രൂക്ഷമാണ്. സർവീസ് റോഡിൽ വെള്ളം കയറി വിവിധ സ്ഥാപനങ്ങളുടെ അണ്ടർഗ്രൗണ്ട് പാർക്കിങ് ഏരിയയും വെള്ളത്തിനടിയിലായി. റോഡിൽ വെള്ളക്കെട്ട് രൂക്ഷമായി. ഇവിടെ ഗതാഗതം തടസ്സപ്പെട്ടു. 41 ശതമാനം അധികമഴ ഒമ്പത് ദിവസത്തിനിടെ ജില്ലയിൽ പെയ്തത് 41 ശതമാനം അധികമഴ. 234.5 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 330 മില്ലിമീറ്റര്‍ മഴ ലഭിച്ചു. സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ അധികമഴയാണ് ലഭിച്ചത്. സംസ്ഥാനത്താകെ 28 ശതമാനം അധികമഴയാണ് പെയ്തത്. വേണം യാത്രകളിൽ കരുതൽ മഴക്കാലത്ത് തണുപ്പുള്ള പ്രദേശങ്ങളിലേക്ക് ഉൾപ്പെടെ ദീര്‍ഘദൂര യാത്ര നടത്തുന്നവര്‍ ഏറെയാണ്. ചെറിയ മുൻകരുതലുകളിലൂടെ ഇത്തരം യാത്രകൾ സുരക്ഷിതമാക്കാം. ടയറുകൾ, ഹെഡ്-ലൈറ്റ്, ബ്രേക്കുകൾ, വിൻഡ്ഷീൽഡ് വൈപ്പറുകൾ തുടങ്ങിയവയെല്ലാം പരിശോധിച്ച് കാര്യക്ഷമമാണെന്ന് ഉറപ്പാക്കണം.










0 comments