ഞങ്ങൾ എൽഡിഎഫിനൊപ്പം

സ്വന്തം ലേഖകൻ
Published on Dec 03, 2025, 01:01 AM | 1 min read
കൊല്ലം
എൽഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കാൻ അഭ്യർഥിച്ച് ഇടതുപക്ഷ വിദ്യാർഥി–യുവജന സംഘടനകളുടെ നേതൃത്വത്തിൽ കൊല്ലം നഗരത്തിൽ നടത്തിയ റാലി വേറിട്ടതായി. കൊല്ലത്തെ യുവത എൽഡിഎഫിനൊപ്പം എന്ന സന്ദേശമേകി സംഘടിപ്പിച്ച പരിപാടിയിൽ നൂറുകണക്കിന് വിദ്യർഥികളും യുവതീയുവാക്കളും അണിചേർന്നു. വാദ്യമേളവും കൊടികളും ചുവപ്പൻ ബലൂണുകളും റാലിയെ വർണാഭമാക്കി. എൽഡിഎഫ് തുടരും നാട് വളരും എന്നെഴുതിയ പ്ലക്കാർഡുകളുമായാണ് യുവത പങ്കെടുത്തത്. കോർപറേഷനിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥികളായ യുവതീയുവാക്കളും റാലിയുടെ ഭാഗമായി. കൊല്ലം ശാരദാമഠത്തിൽനിന്ന് ആരംഭിച്ച റാലി ചിന്നക്കട ബസ് ബേയിൽ സമാപിച്ചു. യോഗം എസ്‌എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം സജി ഉദ്‌ഘാടനംചെയ്‌തു. രാഹുൽ മാങ്കൂട്ടത്തിലിന്റെയും ഷാഫിയുടെയും വി ഡി സതീശന്റെയും റീലിന്റെ രാഷ്ട്രീയം അല്ല നമുക്ക് കാണാൻപറ്റുന്ന റിയൽ രാഷ്ട്രീയമാണ് കേരളം ചർച്ച ചെയ്യുന്നതെന്ന് ആദർശ് എം സജി പറഞ്ഞു. രാജ്യത്തെ കേന്ദ്രസർക്കാരിന്റെ വകുപ്പുകളിൽ 10ലക്ഷം ഒഴിവുകൾ നികത്താതെ കിടക്കുമ്പോൾ ആകെ നടന്ന പിഎസ്‍സി പരീക്ഷകളിൽ 80ശതമാനംപേർക്കും തൊഴിൽ നൽകിയത് കേരളത്തിലാണ്. കേരളത്തിന്റെ യുവജനങ്ങളും വിദ്യാർഥികളും ഇടതുപക്ഷത്തെ ഹൃദയത്തോട് ചേർത്തുപിടിച്ചു. യുവജനങ്ങളെയും വിദ്യാർഥികളെയും ചേർത്തുപിടിച്ച എൽഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്നും ആദർശ് എം സജി പറഞ്ഞു. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം എസ് ആർ രാഹുൽ അധ്യക്ഷനായി. ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം ചിന്താ ജെറോം, എഐവൈഎഫ് ദേശീയ എക്‌സിക്യൂട്ടീവ് അംഗം വിനീത വിൻസെന്റ്, എഐവൈഎഫ് കൊല്ലം മണ്ഡലം സെക്രട്ടറി അൻഷാദ്, എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം സുമി എന്നിവർ സംസാരിച്ചു. നേതാക്കളായ യു പവിത്ര, ടി പി അഭിമന്യു, ശരത് ബി ചന്ദ്രൻ, ആർ അനിൽ, മുഹമ്മദ് ബിലാൽ, കാർത്തിക്, സ്ഥാനാർഥികളായ എ വിഷ്‌ണു (മുളങ്കാടകം), അഡ്വ. എസ് ഷബീർ (കയ്യാലയ്‌ക്കൽ), എജിൻ സാമുവൽ (മീനത്തുചേരി), മിന്നു റോബിൻ (കൈക്കുളങ്ങര), വിനീത വിൻസെന്റ് (പോർട്ട്), ആർ മഹേഷ് (നീരാവിൽ) എന്നിവർ പങ്കെടുത്തു.








0 comments