ad
Deshabhimani

കല്ലട ജലസേചന പദ്ധതി

ഒറ്റക്കല്ലിൽ ട്രാഷ്‌ ട്രാക്ക്‌ സ്ഥാപിച്ചുa

ഒറ്റക്കല്ലിൽ സ്ഥാപിച്ച ട്രാഷ് ട്രാക്ക്

ഒറ്റക്കല്ലിൽ സ്ഥാപിച്ച ട്രാഷ് ട്രാക്ക്

വെബ് ഡെസ്ക്

Published on Jun 10, 2026, 12:29 AM | 1 min read

കൊല്ലം

കല്ലട ജലസേചന പദ്ധതിയുടെ ഇടതു–- വലതുകര കനാലുകളിലൂടെയുള്ള വേനൽക്കാല ജലസേചനം കൂടുതൽ സുഗമമാക്കാൻ ഒറ്റക്കല്ലിൽ ട്രാഷ്‌ ട്രാക്ക്‌ സ്ഥാപിച്ചു. വെള്ളത്തോടൊപ്പം എത്തുന്ന കല്ലുകൾ, തടികൾ എന്നിവ തട്ടി ഷട്ടറുകൾ തകരാറിലാകുന്നത്‌ പതിവായതോടെയാണ്‌ ട്രാഷ്‌ ട്രാക്ക്‌ സ്ഥാപിച്ചത്‌. ലോകബാങ്കിന്റെ സഹായത്തോടെ നടപ്പാക്കുന്ന ഡാം റിഹാബിലിറ്റേഷൻ ആൻഡ്‌ ഇംപ്രൂവ്‌മെന്റ്‌ (ഡ്രിപ്‌) പദ്ധതിയില്‍ ഉൾപ്പെടുത്തിയാണ്‌ വികസനം. ഡാമിന്റെ വിവിധ വികസന പ്രവർത്തനത്തിനായി കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ 1.17കോടി രൂപ അനുവദിച്ചിരുന്നു. ഇതിൽ ഉൾപ്പെടുത്തിയാണ്‌ ട്രാഷ്‌ട്രാക്ക്‌ സ്ഥാപിച്ചത്‌. ഇത്‌ സ്ഥാപിക്കുന്നതിന്‌ മുന്നോടിയായി ഡാമിൽ രണ്ട്‌ ദിവസം വൈദ്യുതി ഉൽപ്പാദനം നിർത്തിവച്ചിരുന്നു. വെള്ളം ഒഴുക്ക്‌ നിയന്ത്രിക്കുന്നതിനായിരുന്നു ഇത്‌. ഡാമിൽ വെള്ളം കുറവായതിനാൽ നിലവിൽ ഒരു ജനറേറ്റർ മാത്രമാണ്‌ പൂർണതോതിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്‌. മറ്റൊരെണ്ണം പീക്ക്‌ ടൈമിലുമാണ്‌ പ്രവർത്തിപ്പിക്കുന്നത്‌. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ കൃഷിക്കും മറ്റ് ആവശ്യങ്ങൾക്കുമായി കല്ലടപദ്ധതിയുടെ വെള്ളമാണ്‌ ഉപയോഗിക്കുന്നത്‌. ഇടതു–വലതുകര കനാൽ വഴിയാണ്‌ വിതരണം. വലതുകരയിൽ 69.75 കിലോമീറ്ററും ഇടതുകരയിൽ 56 കിലോമീറ്ററും നീളത്തിൽ പ്രധാന കനാലുണ്ട്. വലതുകരയിൽ 521 കിലോമീറ്റർ ഉപകനാലുണ്ട്. ഇടതിൽ 489 കിലോമീറ്ററും. തെന്മല പരപ്പാർ ഡാമിൽനിന്ന് ഒറ്റക്കൽ ലുക്ക് ഔട്ട് തടയണയിൽ സംഭരിക്കുന്ന വെള്ളമാണ് കനാലുകളിലേക്ക് ഒഴുക്കുന്നത്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലയിലായി 1000 കിലോമീറ്റർ വരുന്ന കനാൽ ശൃംഖലയുടെ വലതുകര കനാൽ ഒറ്റക്കല്ലിൽനിന്ന്‌ തുടങ്ങി ഇടമൺ, കറവൂർ, പത്തനാപുരം, ഏനാദിമംഗലം, ഏഴംകുളം, അടൂർ, നൂറനാട്, ചാരുംമൂട് സ്ഥലങ്ങളിലൂടെയും ഇടതുകര കനാൽ കരവാളൂർ, അഞ്ചൽ, വെട്ടിക്കവല, ഉമ്മന്നൂർ, വെളിയം, കരീപ്ര, എഴുകോൺ, കുണ്ടറ, ഇളമ്പള്ളൂർ വഴിയുമാണ് കടന്നുപോകുന്നത്. പി ദാമോധരൻ ജി ആർ ഇന്‍ഡസ്ട്രീസ് പാലക്കാടിനാണ് നിർമാണ കരാർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home