വീണ്ടെടുപ്പിന്റെ ഉണർത്തുപാട്ട്

എസ് കോമളന്‍ തന്റെ കൃഷിയിടത്തില്‍
‘കണ്ണെത്താദൂരം പച്ചവിരിച്ചു കിടന്നിരുന്ന കരീപ്രയിലെ ഹരിതാഭമാർന്ന പാടത്തെക്കുറിച്ചുള്ള ഓർമകൾക്ക് ഇന്നും കതിർച്ചന്തമാണ്. ഉളവുകോട് തലക്കുളം പാറമുക്കിൽനിന്ന് തുടങ്ങുന്ന പാടം ഏക്കറുകൾ കടന്ന് ഉളവൂര് എംഎൽഎ പാലം പിന്നിട്ട് ഇത്തിക്കരയാറിന് സമീപം വരെ വ്യാപിച്ചുകിടക്കുന്നതായിരുന്നു ഇൗ പാടശേഖരം. ഇത് ഉൾപ്പെടെയുള്ള വയലുകളായിരുന്നു കരീപ്രയുടെ ഗ്രാമജീവിതത്തെ മുന്നോട്ടുനയിച്ചത്. കൊയ്‌ത്തുപാട്ടിന്റെ ഇൗണം നിറഞ്ഞുനിന്ന അന്നൊക്കെ കൂലിപ്പണിക്ക് പോകാൻ മടിച്ചവർ പോലും കൊയ്‌ത്തിന് ഇറങ്ങിയ കാഴ്‌ചകളായിരുന്നു എങ്ങും. കൃഷിയോടുള്ള താൽപ്പര്യം അവർക്ക് അത്രയ്ക്കുണ്ടായിരുന്നെങ്കിലും മഴയെ മാത്രം ആശ്രയിച്ചായിരുന്നു കൃഷി. ഏലകളെ കുളിരണിയിച്ച് തൊട്ടുരുമ്മി കടന്നുപോയിരുന്ന കരത്തോടുകൾ മഴ കനിഞ്ഞാൽ നിറഞ്ഞൊഴുകുമായിരുന്നു. വേനലിന്റെ തീജ്വാലകളേറ്റാൽ വറ്റിവരളും. അതുകൊണ്ട് പലപ്പോഴും ഒരുപ്പൂവ് കൃഷിയിൽ മാത്രം ഒതുങ്ങാനായിരുന്നു ഞങ്ങടെ വിധി. അതിലാകട്ടെ വിളഞ്ഞത് നൂറുമേനിയും ’ പറയുന്നത് കരീപ്ര വാക്കനാട് ഉളകോട് ആറ്റുവാരത്ത് വീട്ടിൽ എസ് കോമളൻ. ഇരുപ്പൂവിറക്കിയാൽ നെൽച്ചെടികൾ കതിരിടുന്ന സമയത്തെ പൊള്ളുന്ന വെയിലിൽ ഏറെയും പതിരാകുമായിരുന്നു. വിളവ് നന്നേ കുറഞ്ഞു. കാലാവസ്ഥയിലെ മാറ്റം രൗദ്രഭാവം പൂണ്ട വേനലായതോടെ പാടങ്ങൾ കരിഞ്ഞു. പച്ചപ്പ് നഷ്ടമായി. വിണ്ടുകീറി വരൾച്ചയുടെ പിടിയിലായ ഏലകൾ കർഷക വിലാപങ്ങളുടെ ഭൂമിയായി. കിണറും കുളവും വറ്റി കിട്ടാക്കനിയായി കുടിവെള്ളം. പലരും നെൽക്കൃഷിയെ കൈവിട്ടു. പിന്നെപ്പിന്നെ കൃഷിപ്പണിക്ക് ആളെയും കിട്ടാതായി. ഇത് മാത്രമായിരുന്നില്ല കാരണം. ജലസേചന സൗകര്യങ്ങളുടെയും ജലലഭ്യത ഉറപ്പാക്കുന്നതിന് ആവശ്യമായ പദ്ധതികളുടെയും അഭാവമായിരുന്നു അതിൽ പ്രധാനം. അതിനിടെ കുറച്ചുപേർ പണകോരി കരക്കൃഷിയിലേക്ക് തിരിഞ്ഞു. അപ്പോഴും വില്ലനായി ജലസേചനസൗകര്യത്തിന്റെ അഭാവം. ജില്ലയുടെ നെല്ലറയെന്ന പദവിയിലേക്ക് കരീപ്ര കുതിക്കുന്നതിനിടെയാണ് പതിറ്റാണ്ടുകള്‍ അന്നമൂട്ടിയ പുഞ്ചകൾ തരിശിലേക്ക് വഴിമാറിയത്. 20, 320ഹെക്ടർ വിസ്തൃതിയുള്ള പഞ്ചായത്തിൽ 1856 ഹെക്ടറും കൃഷി ഭൂമിയാണ്. കെഐപി കനാൽ കടന്നുപോകാത്ത ആറു വാർഡിലും നീർച്ചാലുകൾപോലും വറ്റിവരളുന്നത് നിത്യസംഭവം. ജലസേചന സൗകര്യമില്ലാതെ പാടങ്ങളുടെ പതനത്തിന്റെ ഗതിവേഗംകൂടി. കുടിവെള്ളത്തിനായി നാട്ടുകാർ പരക്കംപായുന്ന കാഴ്‌ച. കരീപ്രയിലെ കാർഷിക ജീവിതത്തെ കാലാവസ്ഥ ഊഷരമാക്കിയതോർക്കുമ്പോൾ ഇന്നുമുണ്ട് ഈ എഴുപത്തിരണ്ടുകാരന്റെ മനസ്സിൽ തേങ്ങൽ. ഇൗ സാഹചര്യത്തിലാണ് ഹരിതകേരളം മിഷൻ ‘ഹരിതതീർഥം’ പദ്ധതിയുമായി രംഗത്തുവരുന്നത്. അതിലൂടെ ഇവിടെ പച്ചപ്പ് നിറഞ്ഞു. 75സെന്റ് കണ്ടത്തിൽ ഞാനും കൃഷി തുടങ്ങി. 18സെന്റിലെ പാവൽകൃഷിയിൽ നിന്ന് ഒന്നിരാടം ദിവസം ശരാശരി 60കിലോ പാവയ്‌ക്ക ലഭിക്കും. വാഴയും മരച്ചീനിയും പാഷൻഫ്രൂട്ടും ഏത്തവാഴയും പച്ചക്കറികളുമൊക്കെ തഴയ്‌ക്കുന്നുണ്ടിവിടെ. മഴയെ ആശ്രയിക്കേണ്ട, 365ദിവസവും കൃഷിയിറക്കാം ഇപ്പോൾ. മൂന്നുലക്ഷം രൂപയുടെ വാർഷിക വരുമാനമാണ് പാടം സമ്മാനിക്കുന്നത്, വിയർപ്പുപൊടിഞ്ഞ കോമളന്റെ മുഖത്ത് പെയ്‌തിറങ്ങുന്നത് ആഹ്ലാദത്തിന്റെ തിരതല്ലൽ. അതേ, ഇൗ ‘ഹരിതതീർഥം’ ഞങ്ങൾ, കർഷകരുടെ ജീവശ്വാസമാണ്. (അതേക്കുറിച്ച് നാളെ)







0 comments