റെയിൽവേ ട്രാക്കിലെ രാത്രികാല പരിശോധന
നൈറ്റ് പട്രോൾമാന്മാരുടെ ജീവന് പുല്ലുവില

നൈറ്റ് പട്രോൾമാന്മാർ കഴിഞ്ഞദിവസം ഡ്യൂട്ടിക്കിടെ പാളത്തിൽ കണ്ട പാന്പ്
സ്വന്തം ലേഖകൻ
Published on Jun 10, 2026, 12:31 AM | 2 min read
കൊല്ലം
ട്രെയിൻ കടന്നുപോകാൻ പാളത്തിൽ സുരക്ഷ ഉറപ്പാക്കുന്ന നൈറ്റ് പട്രോൾമാന്മാരുടെ ഡ്യൂട്ടി ജീവൻ പണയംവച്ച്. സുരക്ഷാസൗകര്യങ്ങൾ ഒന്നും ഇല്ലാതെയുള്ള ട്രാക്കിലെ രാത്രികാല പരിശോധന റെയിൽവേ എൻജിനിയറിങ് വിഭാഗത്തിലെ നൈറ്റ് പട്രോൾമാന്മാർക്ക് പേടിസ്വപ്‌നം. ഇവർക്ക് രാത്രിയിൽ ഡ്യൂട്ടിക്ക് കൂട്ടായുള്ളത് മിന്നാമിനുങ്ങിന്റെ വെട്ടമുള്ള ചെറിയൊരു ടോർച്ച് മാത്രം. പ്രകാശം തീരെക്കുറവായ ലൈറ്റിന്റെ ചാർജ് നഷ്‌ടപ്പെട്ടാൽ റീ ചാർജിങ്ങിന് സൗകര്യമോ പകരം സംവിധാനമോ ഇല്ല. സേഫ്‌റ്റി ഷൂസും മഴക്കോട്ടും റെയിൽവേ നൽകുന്നില്ല. വിശ്രമവും ഇവർക്ക് പറഞ്ഞിട്ടില്ല. നൈറ്റ് പട്രോൾമാന്മാർ സംഗമിക്കുന്നിടത്ത് ഷെൾട്ടർ സ്ഥാപിക്കണമെന്ന ആവശ്യത്തിലും നടപടിയുണ്ടായില്ല. ഹാർമർ, സ്‌പാനർ, സിഗ്‌നൽ ഫ്ലാഗ്, ഡറ്റോനേറ്റർ എന്നിവ ഡ്യൂട്ടിയുടെ ഭാഗമായി കൊണ്ടുപോകുന്ന നൈറ്റ് പട്രോൾമാൻമാരുടെ അവസ്ഥ ദയനീയമാണ്. ട്രാക്ക് കടന്നുപോകുന്ന കൈവരിയില്ലാത്ത പാലങ്ങളിലും പരിശോധന നടത്തണം. ജോലിക്കിടെ അപകടങ്ങൾ ഉണ്ടാവുന്നത് പതിവാണ്. ഷെൾട്ടൾ ഇല്ലാത്തതുമൂലം ക്ഷീണത്താൽ ട്രാക്കിന് സമീപം കിടന്ന നൈറ്റ് പട്രോൾമാൻ ട്രെയിനിടിച്ച് മരിച്ച സംഭവം ഓച്ചിറയിൽ ഉണ്ടായിട്ടുണ്ട്. ലൈറ്റിന്റെ വെട്ടക്കുറവ് മൂലവും അപകടത്തിൽപ്പെടുന്നുണ്ട്. ഇഴജന്തുക്കളുടെ ശല്യവും പതിവാണ്. ട്രാക്കിൽ എന്തെങ്കിലും അപായസൂചന കണ്ടാൽ ട്രെയിൻ നിർത്താനായി പാളത്തിൽ ഡറ്റോനേറ്റർ സ്ഥാപിക്കേണ്ടതും ഇരുണ്ടവെട്ടത്തിൽ വേണം. വേണം മെക്കനൈസ്‌ഡ് പട്രോളിങ് ട്രാക്ക് പരിശോധയ്‌ക്ക് മെക്കനൈസ്‌ഡ് പട്രോളിങ് വേണമെന്ന ആവശ്യം സതേൺ റെയിൽവേയിൽ നടപ്പായിട്ടില്ല. എന്നാൽ, ഇവ നടപ്പാക്കിയിട്ടുള്ള റെയിൽവേ സോണുകളുമുണ്ട്. മോട്ടോർ ട്രോളി, ലൈറ്റ് എൻജിൻ എന്നിവ നടപ്പാക്കാനും റെയിൽവേ തയ്യാറാകുന്നില്ല. മൺറോതുരുത്ത് മുതൽ കാപ്പിൽ വരെയുള്ള ട്രാക്ക് കൊല്ലം സെക്‌ഷന്റെ പരിധിയിലാണ്. നൈറ്റ് പട്രോളിങ് ഇപ്പോഴുള്ളത് മൺറോതുരുത്ത് മുതൽ പരവൂർ വരെയും. ആറ് ബീറ്റുകളിലായി 18 നൈറ്റ് പട്രോൾമാന്മാരാണ് ഉള്ളത്. ഇതിൽ 12പേർ റെയിൽവേ ജീവനക്കാരും ആറുപേർ കരാറുകാരും ആണ്. നൈറ്റ് പട്രോളിങ്ങിന് ഒരു പരിശീലനവും ലഭിച്ചിട്ടില്ലാത്ത കരാർ ജീവനക്കാരുടെ സുരക്ഷ കൂടി നിർവഹിക്കേണ്ട അവസ്ഥയിലാണ് എൻജിനിയറിങ് വിഭാഗം ജീവനക്കാർ. വൈകിട്ട് നാലിന് തുടങ്ങുന്ന ഇവരുടെ ഡ്യൂട്ടി അവസാനിക്കുന്നത് അടുത്ത ദിവസം രാവിലെ എട്ടിനാണ്. കരാറുകാരുടെ ഡ്യൂട്ടി രാത്രി എട്ടുമുതൽ പുലർച്ചെ നാലുവരെയും. റെയിൽവേ ജീവനക്കാരന് ഒപ്പമാണ് കരാറുകാരെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. എന്നാൽ, പുലർച്ചെ നാലിന് തുടങ്ങുന്ന പട്രോളിങ്ങിന് റെയിൽവേ സ്‌റ്റാഫ് മാത്രമാണുള്ളത്. ഒരാൾ ഒരുദിവസം 20 കിലോമീറ്റർ ട്രാക്കിലൂടെ നടക്കണം. ഒരു ബീറ്റ് 10 കിലോമീറ്റർ ആണ്. നിശ്ചിതദൂരം ഡ്യൂട്ടിക്ക് പോയി മടങ്ങിവരുന്നതാണ് ഒരു ബീറ്റ്.








0 comments