Deshabhimani

തലയെടുപ്പോടെ ശ്രീനാരായണ​ഗുരു സാംസ്കാരിക സമുച്ചയം

ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയം
avatar
സ്വന്തം ലേഖകൻ

Published on May 13, 2025, 01:24 AM | 2 min read

കൊല്ലം

എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയുടെ ഉദാഹരണമാണ് ആശ്രാമത്ത് നിർമിച്ച ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയം. സംസ്ഥാന സർക്കാർ എല്ലാ ജില്ലയിലും പ്രഖ്യാപിച്ച സാംസ്കാരിക സമുച്ചയങ്ങളിൽ ആദ്യം പൂർത്തിയാക്കിയത് ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയമാണ്‌. തടസ്സങ്ങളില്ലാതെ സാംസ്‌കാരിക ഉൾപ്പെടുത്തൽ സമൂഹത്തിന്റെ എല്ലാ തട്ടുകളിലും ലഭ്യമാക്കുക എന്ന കാഴ്ചപ്പാടിന്റെ ഫലമായിരുന്നു 2023 മെയ് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ച സമുച്ചയം. സമുച്ചയം സജ്ജമായശേഷം 60ലക്ഷം രൂപ വാടകവരുമാനം ലഭിച്ചു. സാഹിത്യോത്സവം, ശ്രീനാരായണ​ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി കലോത്സവം, സംസ്കാരികോത്സവം, പുസ്തകോത്സവം, ചലച്ചിത്രോത്സവങ്ങള്‍, കുട്ടികളുടെ ക്യാമ്പുകള്‍, വിവിധ വകുപ്പുകളുടെ പരിശീലന ക്ലാസുകള്‍ ഉള്‍പ്പെടെ നിരവധി പരിപാടികള്‍ നടന്നു. ശ്രീനാരായണ​ഗുരു മെമ്മോറിയല്‍ ഹാള്‍ സജ്ജമാക്കാൻ വിശദ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് ശ്രീനാരായണ അന്തര്‍ദേശീയ പഠനതീര്‍ഥാടന കേന്ദ്രത്തിനെ ചുമതലപ്പെടുത്തി. ആവശ്യമായ മറ്റു സൗകര്യങ്ങള്‍ സജ്ജമാക്കാനുള്ള നിര്‍ദേശങ്ങള്‍ സാംസ്‌കാരിക ഡയറക്ടറേറ്റില്‍ തയ്യാറായിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോടെ 56.91 കോടി രൂപ ചെലവിൽ ഒരുലക്ഷം ചതുരശ്രയടി വിസ്തീർണത്തില്‍ കിഫ്ബി സഹായത്തോടെ സാംസ്‌കാരിക വകുപ്പാണ് മൂന്നര ഏക്കറിൽ സമുച്ചയം നിർമിച്ചത്. ആധുനിക ലൈറ്റിങ് സൗണ്ട് പ്രൊജക്‌ഷൻ സംവിധാനങ്ങൾ അടങ്ങിയ എവി തിയറ്റർ, ബ്ലാക്ക് ബോക്‌സ് തിയറ്റർ, ഇൻഡോർ ഓഡിറ്റോറിയം, സെമിനാർ ഹാൾ എന്നിവയ്ക്കു പുറമെ ഡിജിറ്റൽ രൂപത്തിലുള്ള ലൈബ്രറി, ആർട്ട്‌ ഗ്യാലറി, ക്ലാസ് മുറികൾ, ശിൽപ്പശാലകൾക്കുള്ള വേദി, ക്രാഫ്റ്റ് മ്യൂസിയം എന്നിവയെല്ലാം സമുച്ചയത്തിന്റെ പ്രത്യേകതയാണ്. എ രാമചന്ദ്രൻ മ്യൂസിയം
 ലോക ചിത്രകലയുടെ നെറുകയിലേക്ക് ഉയർന്ന ചിത്രകാരൻ എ രാമചന്ദ്രന്റെ ചിത്രങ്ങളുടെയും ശിൽപ്പങ്ങളുടെയും മ്യൂസിയവും ഇവിടെ ഒരുങ്ങുന്നു. ലളിതകലാ അക്കാദമിയാണ്‌ മ്യൂസിയം തയ്യാറാക്കുന്നത്‌. മ്യൂസിയത്തിലേക്ക്‌ കൈമാറുന്ന രാമചന്ദ്രന്റെ ചിത്രങ്ങൾക്ക് ഏകദേശം 300 കോടിയുടെ വിപണിമൂല്യമുണ്ട്. മൂല്യവത്തായ ഈ സൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിന് അദ്ദേഹത്തിന്റെ കുടുംബവുമായി സഹകരിച്ചാണ് സമുച്ചയത്തിൽ എ രാമചന്ദ്രൻ മ്യൂസിയം (ആർട്ട്‌ ഗ്യാലറി) ഒരുക്കുന്നത്. എക്സിബിഷൻ ബ്ലോക്ക്
 കലാപഠനത്തെ പരിപോഷിപ്പിക്കാൻ സജ്ജീകരിച്ച എക്സിബിഷൻ ബ്ലോക്കിൽ എക്സിബിഷൻ സ്പേസുകൾ, ക്ലാസ് മുറികൾ, വർക്ക്ഷോപ്പുകൾ എന്നിവയുണ്ട്‌. ഈ ബ്ലോക്കിന്റെ ഇടനാഴികളിലൂടെ സമുച്ചയത്തിന്റെ ദൃശ്യഭംഗിയും ഓപ്പൺ എയർ തിയറ്ററിൽ നടക്കുന്ന പരിപാടികളും ആസ്വദിക്കാം. ഓപ്പൺ എയർ തിയറ്റർ
 സമുച്ചയത്തിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ഓപ്പൺ എയർ തിയറ്ററിൽ 600ൽപ്പരം ആളുകൾക്ക് ഒരേ സമയം പരിപാടികൾ ആസ്വദിക്കാം. ഗ്രീൻ റൂമോട് കൂടിയ ഓഡിറ്റോറിയത്തിൽ വിശാല കാഴ്ചസൗകര്യമുള്ള സ്റ്റേജും പ്രത്യേകതയാണ്. പെർഫോമൻസ് ബ്ലോക്ക്
 അന്താരാഷ്ട്ര തലത്തിലുള്ള കോൺഫറൻസുകളും മീറ്റിങ്ങുകളും നടത്താവുന്ന തരത്തിൽ പ്രൊജക്‌ഷൻ സംവിധാനവും മികച്ച സൗണ്ട് സിസ്റ്റവുമുള്ള 108 ഇരിപ്പിടങ്ങളോടുകൂടി പൂർണമായും ശീതീകരിച്ച സെമിനാർ ഹാൾ പെർഫോമൻസ് ബ്ലോക്കിലാണ്. തെരുവുനാടക പ്രകടനങ്ങൾ, റിഹേഴ്സലുകൾ, മൈമുകൾ എന്നിവയ്ക്ക് ഉപയോഗപ്പെടുത്താവുന്ന രീതിയിൽ ആധുനിക ലൈറ്റിങ്, ശബ്ദ ക്രമീകരണങ്ങളോടുകൂടിയ ബ്ലാക്ക് ബോക്സ് തിയറ്റർ ഈ ബ്ലോക്കിന്റെ ഭാഗമാണ്. എ വി തിയറ്റർ
 സിനിമ, ഷോർട്ട് ഫിലിംസ്, ഡോക്യുമെന്ററി പ്രദർശനങ്ങൾക്കായി 203 ഇരിപ്പിടങ്ങളോടുകൂടിയ എ വി തിയറ്റർ സംവിധാനവും പെർഫോർമൻസ് ബ്ലോക്കിലുണ്ട്. 247 സീറ്റിങ് കപ്പാസിറ്റിയുള്ള പൂർണമായും ശീതീകരിച്ച ഓഡിറ്റോറിയം, വിശാല സ്റ്റോറേജ് ഏരിയ, ആധുനിക ശബ്ദവെളിച്ച സംവിധാനം, പ്രൊജക്‌ഷൻ നിയന്ത്രണ ഉപകരണങ്ങൾ, ഗ്രീൻ റൂം എന്നിവ മികച്ച കാഴ്ചാനുഭവം ഒരുക്കുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Home