സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പ്രോജക്‌ട്
നഗരത്തിലെ 3 റോഡുകളുടെ വികസനത്തിന് അതിവേഗം


സ്വന്തം ലേഖകൻ
Published on Apr 27, 2025, 11:42 PM | 1 min read
കൊല്ലം
തിരക്കുള്ള നഗരങ്ങളിലെ ഗതാഗതം കുടുതൽ സുഗമമാക്കുന്ന സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പ്രോജക്‌ടിൽ കൊല്ലത്ത് മൂന്ന് റോഡുകൾ. കേരള റോഡ് ഫണ്ട് ബോർഡിന്റെ ഫണ്ടിലാണ് നഗരത്തിലെ റോഡുകളുടെ നവീകരണത്തിന് അന്തിമ നടപടികളായത്. മേവറം -–-കാവനാട് റോഡ് (പഴയ ദേശീയപാത), കൊല്ലം റെയിൽവേ സ്റ്റേഷൻ–- -ഡീസന്റ് ജങ്ഷൻ റോഡ്, തിരുമുല്ലവാരം -–-കല്ലുപാലം -–-കച്ചേരി ജങ്ഷൻ റോഡ് എന്നിവയ്‌ക്കാണ് അംഗീകാരമായത്. 13.15 കിലോമീറ്ററുള്ള മേവറം -–-കാവനാട് റോഡ് 20.200 മീറ്റർ വീതിയിലാണ് വികസിപ്പിക്കുക. കൊല്ലം റെയിൽവേ സ്റ്റേഷൻ -ഡീസന്റ് ജങ്ഷൻ റോഡ് 6.30 കിലോമീറ്ററുണ്ട്. പദ്ധതിയിൽ ഉൾപ്പെടുത്തിയതോടെ 11.504 മീറ്റർ വീതിയിൽ വികസിപ്പിക്കും. 4.30 കിലോമീറ്ററുള്ള തിരുമുല്ലവാരം -കല്ലുപാലം -കച്ചേരി ജങ്ഷൻ റോഡ് 11.504 മീറ്റർ വീതിയിലാണ് വികസിപ്പിക്കുന്നത്. മൂന്നു റോഡുകൾക്കും സ്ഥലം ഏറ്റെടുക്കേണ്ടിവരും. ആകെ 834.10 ആർസ് സ്ഥലമാണ് ആവശ്യമുള്ളത്. ഇതിനായി 435.65 കോടി രൂപയുടെ ഭരണാനുമതിയായി. തുടർനടപടികളുടെ ഭാഗമായി റവന്യു വകുപ്പിന് കണ്ടിജൻസി ചാർജ് നൽകേണ്ടതുണ്ട്. പൊതുമരാമത്ത് വകുപ്പ് സീനിയർ ഫിനാൻസ് ഓഫീസർ ഇതുമായി ബന്ധപ്പെട്ട പ്രൊപ്പോസൽ കഴിഞ്ഞ ദിവസം റവന്യുവകുപ്പിന് നൽകി. ഇത് അംഗീകരിച്ചാലുടൻ തുടർപ്രവൃത്തികൾ ആരംഭിക്കാനാകും. നഗരത്തിന്റെ മുഖംമാറ്റുന്ന പദ്ധതി എത്രയും വേഗം യാഥാർഥ്യമാക്കുന്നതിനുള്ള ശ്രമത്തിലാണ് പൊതുമരാമത്ത് വകുപ്പ്.
0 comments