നിയമത്തിന്റെ വര 
ജീവിതത്തിന്റെയും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Jan 17, 2025, 02:06 AM | 1 min read

കൊല്ലം

പൊതുനിരത്തിൽ പരിക്കുപറ്റുന്നതുമുതൽ ജീവൻ നഷ്ടമാകുന്നതുവരെ ചെറുതും വലുതുമായ അപകടങ്ങളിൽ സീബ്രാലൈൻ നിയമലംഘനങ്ങൾക്കുള്ള പങ്ക്‌ ചില്ലറയല്ല. ലൈനിൽ കാൽനട യാത്രക്കാരൻ പ്രവേശിച്ചാൽ സീബ്രാ ലൈനിനു മുമ്പുള്ള സ്റ്റോപ് ലൈനിൽ വണ്ടി നിർത്തണം എന്നാണ്‌ നിയമം. എന്നാൽ, നിയമം കാറ്റിൽ പറത്തിയുള്ള ഡ്രൈവിങാണ് അധികവും എന്നാണ്‌ വ്യാപക പരാതി. മോട്ടോർവാഹന വകുപ്പ് ജില്ലയിൽ സീബ്രാലൈൻ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി എടുക്കാൻ ഒരുങ്ങുന്നു. കൊല്ലം ജോയിന്റ്‌ ആർടിഒ എൻഫോഴ്‌സ്‌മെന്റ്‌ നടത്തിയ പരിശോധനയിൽ രണ്ടുമാസത്തിനിടെ 1755 ഡ്രൈവർമാർ കുടുങ്ങി. ‘ലൈൻ ട്രാഫിക്‌ വയലേഷൻ’ പരിശോധനയിൽ നവംബറിൽ 989 പേരും ഡിസംബറിൽ 866പേരുമാണ്‌ പിടിയിലായി. വലതുവശം ചേർന്നുനടക്കുക, ഫുട്പാത്തുകൾ പരമാവധി ഉപയോഗിക്കുക, റോഡ് വ്യക്തമായി കാണാവുന്ന സ്ഥലത്തുമാത്രം റോഡ് മുറിച്ചുകടക്കുക, പെഡസ്ട്രിയൻ ക്രോസിങ് ഉപയോഗിക്കുക തുടങ്ങിയ നിർദേശങ്ങളാണ്‌ കാൽനടക്കാരുടെ സുരക്ഷയ്‌ക്കായി വകുപ്പ് നിർദേശിക്കുന്നത്‌. സീബ്രാ ക്രോസിങ്ങിനെ പ്രധാനമായും രണ്ടായാണ് തരംതിരിച്ചിരിക്കുന്നത്. ആദ്യ രീതിയായ കണ്‍ട്രോള്‍ഡ്ക്രോസിങ് സിഗ്നല്‍ സംവിധാനം അനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നതും കാല്‍നടയാത്രക്കാര്‍ക്കായി സമയം അനുവദിക്കുന്നതുമാണ്‌. എന്നാല്‍, അണ്‍ കണ്‍ട്രോള്‍ഡ് സീബ്രാ ക്രോസിങ്ങില്‍ വാഹനം വരുന്നുണ്ടോയെന്നു നോക്കി ക്രോസ് ചെയ്യാനുള്ള സാഹചര്യം വിലയിരുത്തി റോഡ് മുറിച്ചുകടക്കാന്‍ കാല്‍നട യാത്രക്കാരും ശ്രദ്ധിക്കണം. അലക്ഷ്യമായി മൊബൈല്‍ ഫോണില്‍ സംസാരിച്ച് റോഡ് മുറിച്ചുകടക്കുന്നതും നിയമവിരുദ്ധം. സീബ്രാ ക്രോസിങ്, സിഗ്നൽ എന്നിവ ഉള്ളിടത്ത് സ്റ്റോപ്പ് ലൈനിനു മുമ്പായി നിർത്താത്ത വാഹനങ്ങൾക്ക്‌ എതിരെ ചെല്ലാൻ തയ്യാറാക്കി കോടതിയിൽ സമർപ്പിക്കുകയാണ്‌ രീതി. ശേഷം അപകടകരമായ ഡ്രൈവിങ്ങിന് 1000 മുതൽ 5000 രൂപവരെ പിഴ ഈടാക്കും. അശ്രദ്ധമായി വാഹനമോടിക്കുന്ന കുറ്റത്തിന് ഡ്രൈവിങ് ലൈസന്‍സ് താൽക്കാലികമായി റദ്ദാക്കുന്ന സാഹചര്യങ്ങളുമുണ്ട്‌. റദ്ദാക്കൽ കാലാവധി ശിക്ഷയുടെ വ്യാപ്തി അനുസരിച്ച് തീരുമാനിക്കും. കൂടാതെ സന്നദ്ധസേവനം, ആര്‍ടിഒയുടെ ട്രാഫിക് സുരക്ഷ ക്ലാസ് എന്നിവയിലും പങ്കെടുക്കണം. കുറ്റം ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് സ്ഥിരമായി റദ്ദാക്കാനുള്ള നടപടി വകുപ്പിനു സ്വീകരിക്കാം.



deshabhimani section

Related News

0 comments
Sort by

Home