വായനയുടെ പുതുവസന്തം

കൊല്ലം
ഇനി വായനയുടെ പുലരികൾ. ജില്ലാ ലൈബ്രറി കൗൺസിലിന്റെ കൊല്ലം പുസ്‌തകോത്സവത്തിന് തുടക്കമായി. എഴുത്തുകാരൻ വി ഷിനിലാൽ ഉദ്‌ഘാടനംചെയ്‌തു. ബോയ്സ് സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് കെ ബി മുരളീകൃഷ്ണൻ അധ്യക്ഷനായി. വായനമത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ വിതരണംചെയ്‌തു. എക്സിക്യൂട്ടീവ് അംഗം എസ് നാസർ മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി ഡി സുകേശൻ, സംസ്ഥാന കൗൺസിൽ അംഗം ചവറ കെ എസ് പിള്ള, എ പ്രദീപ്, എം സലീം, ജില്ലാ എക്സിക്യൂട്ടീവ് അംഗം പി ഉഷാകുമാരി, താലൂക്ക് സെക്രട്ടറി എൻ ഷണ്മുഖദാസ് എന്നിവർ സംസാരിച്ചു. കേരളത്തിന്റെ വിവിധ ഇടങ്ങളിൽനിന്നുള്ള നൂറോളം പ്രസാധകരാണ് പുസ്‌തകോത്സവത്തിൽ എത്തിയിരിക്കുന്നത്. മികച്ച വിലക്കുറവിലാണ് വിൽപ്പന. ലൈബ്രറികൾക്ക് പുറമേ നിരവധി പേരാണ് സ്റ്റാളുകളിലെത്തുന്നത്. ഞായർ രാവിലെ 10ന് സാംബശിവൻ സ്മാരക കഥാപ്രസംഗ മത്സരം ഡെപ്യൂട്ടി മേയർ എസ് ജയൻ ഉദ്ഘാടനംചെയ്യും. പകൽ 10.30ന് മത്സരം ആരംഭിക്കും. 2.30ന് വർഗീയത, മതേതരത്വം വിഷയത്തിൽ ജില്ലാസെമിനാർ നടക്കും. എം നൗഷാദ് എംഎൽഎ ഉദ്ഘാടനംചെയ്യും. അജിത് കോളാടി വിഷയം അവതരിപ്പിക്കും. തുടർന്ന് വൈകിട്ട് നാലിന് എം ടി അനുസ്മരണം നടക്കും. ആറിന് പി ജെ ഉണ്ണിക്കൃഷ്ണൻ അവതരിപ്പിക്കുന്ന ഏകപാത്ര നാടകം കാണ്മാനില്ല അരങ്ങേറും. പുസ്‌തകോത്സവം 13ന് സമാപിക്കും.
0 comments