വിരണ്ടോടിയ പോത്ത് ആളെ വലിച്ചിഴച്ചു

ശാസ്താംകോട്ട
വിരണ്ടോടിയ പോത്ത് 300 മീറ്റര്‍ ആളെ വലിച്ചിഴച്ചു. ശനിയാഴ്ച പകൽ മൂന്നോടെ കാരാളിമുക്കിലാണ് സംഭവം. ഇവിടെ കന്നുകാലികളെ വിൽക്കുന്ന വീട്ടിൽ പോത്തിനെ വാങ്ങാൻ എത്തിയതായിരുന്നു കേരളപുരം സ്വദേശികളായ രണ്ടുപേര്‍. ഇവരെ കണ്ട് പോത്ത് വിരളുകയും കെട്ടിയിരുന്ന കുറ്റിയും ഇളക്കി ഓടുകയുമായിരുന്നു. ഇതിനിടയിൽ സുനിയെന്നയാളുടെ കാലിൽ കയർ കുരുങ്ങി. പോത്ത് ഇയാളെയും വലിച്ചിഴച്ച് ഓടുകയായിരുന്നു. ഓട്ടത്തിനിടയിൽ റോഡിലൂടെ പോവുകയായിരുന്ന കാറിൽ സുനി ഇടിച്ചു. പോത്ത് കാരാളിമുക്കിലെത്തിയപ്പോൾ കടകളിൽ നിന്നവർ ഓടിയെത്തി സുനിയെ രക്ഷപ്പെടുത്തുകയായിരുന്നു. ശരീരമാസകലം പരിക്കേറ്റ സുനിയെ ഉടനെ ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
0 comments