പികെഎസ് ഇടപെടൽ; സ്വകാര്യവ്യക്തി കൈയേറിയ പൊതുവഴി തുറന്നു

കുറുമ്പാലൂരിൽ റോഡ് കൈയേറിയ സ്ഥലം പികെഎസ് സംസ്ഥാന സെക്രട്ടറി കെ സോമപ്രസാദ് സന്ദർശിക്കുന്നു
എഴുകോൺ
സ്വകാര്യവ്യക്തി കൈയേറിയ പൊതുവഴി പട്ടികജാതി ക്ഷേമസമിതിയുടെ ഇടപെടലിൽ തുറന്നു. നെടുവത്തൂർ പഞ്ചായത്തിലെ കുറുമ്പാലൂർ വാർഡിലെ തലയണവിള–-- പാലക്കുഴി– -ഭൂതക്കുഴി റോഡാണ് പികെഎസ് നെടുവത്തൂർ ഏരിയ കമ്മിറ്റിയുടെ ശ്രമഫലമായി തുറന്നത്. നെടുവത്തൂർ പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ടിട്ടുള്ള റോഡിന് 573 മീറ്റർ ദൂരവും മൂന്നുമീറ്റർ വീതിയുമുണ്ട്. നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡ് സമീപവാസിയായ സ്വകാര്യവ്യക്തി കൈയേറിയിരിക്കുകയായിരുന്നു. റോഡിൽ കോൺക്രീറ്റ് റിങ് ഇറക്കി കിണർ കുഴിക്കുകയും തെങ്ങിൻ തൈകൾ നടുകയും ചെയ്തു. കൂടാതെ റോഡിനു കുറുകെ പാറ ഉപയോഗിച്ച് മതിൽകെട്ടി അതിനു മുകളിൽ കുപ്പിച്ചില്ലുകളുമിട്ടു. വഴി അടച്ചതിനെതിരെ പ്രദേശവാസികൾ പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ല. തുടർന്ന് മുഖ്യമന്ത്രിക്കും പികെഎസ് സംസ്ഥാന സെക്രട്ടറി കെ സോമപ്രസാദിനും പരാതി നൽകി. കഴിഞ്ഞ ദിവസം കെ സോമപ്രസാദിന്റെ നേതൃത്വത്തിൽ പികെഎസ് നേതാക്കൾ പ്രദേശത്ത് എത്തി കൈയേറ്റം ഒഴിപ്പിച്ചു. വെള്ളിയാഴ്ച പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി റോഡ് അളന്ന് തിട്ടപ്പെടുത്തി. ജാതിപരമായി അധിക്ഷേപിച്ചതിനും പൊതുവഴി കൈയേറിയതിനുമെതിരെ പ്രദേശവാസികൾ റൂറൽ എസ്‌പിക്കു പരാതി നൽകി. സിപിഐ എം നെടുവത്തൂർ ലോക്കൽ സെക്രട്ടറി കെ എൽ ചിത്തിരലാൽ, പികെഎസ് നെടുവത്തൂർ ഏരിയ സെക്രട്ടറി ജി എൻ മനോജ്, എസ് പുഷ്പാനന്ദൻ, ബെൻസി, രാമചന്ദ്രൻ, അനന്ദു എന്നിവരും കെ സോമപ്രസാദിനൊപ്പമുണ്ടായിരുന്നു.
Related News

0 comments