ഉയരപ്പാത പുറത്തേക്കുതള്ളുന്നു
ഭീതിയുടെ നെരിപ്പോടിൽ പാരിപ്പള്ളി


സ്വന്തം ലേഖകൻ
Published on Jun 10, 2026, 12:27 AM | 1 min read
കൊല്ലം
പാരിപ്പള്ളി ടൗണിലെ ഉയരപ്പാതയുടെ ഒരുഭാഗം പുറത്തേക്ക് തള്ളിവരുന്നത് യാത്രക്കാരിലും പ്രദേശവാസികളിലും ഭീതിയുളവാക്കുന്നു. ദേശീയപാത 66 വികസനത്തിന്റെ ഭാഗമായാണ് മുക്കട മുതൽ ശ്രീരാമപുരം വരെ മണ്ണിട്ടുനികത്തി ഉയരപ്പാത നിർമിച്ചിരിക്കുന്നത്. കോൺക്രീറ്റ് ആർ ഇ പാനൽ (റീ ഇൻഫോഴ്‌സ്‌ഡ് പാനൽ) കൊരുത്ത് മണ്ണിട്ട് ഉറപ്പിച്ചാണ് നിർമാണം. പാരിപ്പള്ളി അമൃത സ്‌കൂളിന് സമീപത്തുള്ള ഭാഗത്താണ് ഉയരപ്പാത അപകടാവസ്ഥയിലായത്. ഉയരപ്പാതയിൽ ഘടിപ്പിച്ചിട്ടുള്ള പൈപ്പും വളഞ്ഞ് പുറത്തേക്കു തള്ളി. നിർമാണത്തിലെ അപാകതയാണ് ആർ ഇ പാനൽ പുറത്തേക്ക് തള്ളുന്നതിന് കാരണമെന്ന് ആക്ഷേപമുണ്ട്. ഫലപ്രദമായി മണ്ണ് ഉറപ്പിക്കുന്നതിലും ഗുണമേന്മയുള്ള മണ്ണ് ഉപയോഗിക്കുന്നതിലും വലിയ വീഴ്‌ചയുണ്ടായെന്നാണ് നാട്ടുകാർ പറയുന്നത്. പരാതിയെ തുടർന്ന് കരാർ കന്പനി കോൺക്രീറ്റ് ആർ ഇ പാനൽ തുരന്ന് വലിയ കന്പികൾ ഉയരപ്പാതയിലേക്ക് അടിച്ചുകയറ്റി. മണ്ണും ആർ ഇ പാനലും തമ്മിൽ കൂടുതൽ ഉറപ്പിക്കുന്നതിനായിരുന്നു നടപടി. എന്നാൽ, ഇത് ശാശ്വത പരിഹാരമാകില്ല. പാതയുടെ അപകടാവസ്ഥ സർവീസ് റോഡരികിൽ കച്ചവടത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യാപാരികളെയും ഭീതിയിലാഴ്ത്തുകയാണ്. സർവീസ് റോഡിലൂടെ വരുന്ന വാഹനങ്ങൾ മുക്കടയിൽനിന്ന് വഴി തിരിച്ചുവിട്ടാണ് ജെസിബിയുടെ സഹായത്താൽ കന്പി തുളച്ചുകയറ്റുന്ന ജോലി ഇടയ്‌ക്കിടെ നടത്തുന്നത്. ഫലപ്രദമായ നടപടി വേണമെന്നും തൂണിൽ തന്നെ ഉയരപാത നിർമിക്കണമെന്നും ആവശ്യപ്പെട്ട് കല്ലുവാതുക്കൽ പഞ്ചായത്ത് അധികൃതർ എൻഎച്ച്‌എഐ, കലക്‌ടർ, എംപിമാർ എന്നിവർക്ക് നിവേദനം നൽകി. കാലവർഷം ശക്തമാവുകയും ഉയരപ്പാതയിൽ വെള്ളം കെട്ടിനിൽക്കുകയും ചെയ്യുന്നതോടെ അപകട സാധ്യത കൂടുതലാണ്. പാരിപ്പള്ളിയിൽ പൂർണമായും കോൺക്രീറ്റ് തൂണിൽ തന്നെ ഉയരപ്പാത നിർമിക്കണമെന്ന ആവശ്യം അവഗണിച്ചാണ് എൻഎച്ച്‌എഐ ആർ ഇ പാനലിൽ നിർമാണം നടത്തിയത്. ടൗണിന്റെ മധ്യഭാഗത്ത് മാത്രമാണ് മൂന്ന് സ്‌പാനിൽ ഉയരപ്പാതയുള്ളത്.








0 comments