ഓക്‌സിജൻ ഷോറൂമിൽ മോഷണശ്രമം
മണിക്കൂറുകൾക്കുള്ളിൽ മോഷ്ടാവിനെ പിടികൂടി പൊലീസ്

പത്തനാപുരം
ഇലക്‌ട്രോണിക്സ് ഉൽപ്പന്നങ്ങൾ വിൽക്കുന്ന ഓക്‌സിജന്റെ പത്തനാപുരം ഷോറൂമിൽ ഷട്ടർപൊളിച്ച് മോഷണശ്രമം. മണിക്കൂറുകൾക്കുള്ളിൽ മോഷ്ടാവിനെ പിടികൂടി പൊലീസ്. ശനിയാഴ്ച വെളുപ്പിനാണ് മോഷണശ്രമം നടന്നത്. ഷട്ടർ പൊളിച്ചെങ്കിലും മറ്റു സുരക്ഷാ സംവിധാനം ഉണ്ടായിരുന്നതിനാൽ മോഷ്ടാവിന് അകത്ത് പ്രവേശിക്കാൻ കഴിഞ്ഞില്ല. പത്തനാപുരം പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. പ്രതിയുടെ സിസിടിവി. ദൃശ്യങ്ങൾ ലഭ്യമായെങ്കിലും ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ ആളെ വ്യക്തമായിരുന്നില്ല. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിന്റെ ഫലമായി പത്തനാപുരം നടുക്കുന്നു ഭാഗത്ത് പ്രവർത്തിക്കുന്ന എ വൺ വാട്ടർ സർവീസ് സ്ഥാപനത്തിലെ ജോലിക്കാരനായ ആലപ്പുഴ തകഴി വിരിപ്പാല സ്വദേശി അരുൺ (27)ആണ് മോഷ്ടാവ് എന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് സ്ഥാപനത്തിൽനിന്ന് പ്രതിയെ പിടികൂടി. ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്ഐ ശരലാൽ, ഗ്രേഡ് എസ്ഐ ദിലീപ്ഖാൻ, സിവിൽ പൊലീസ് ഓഫീസർമാരായ ബോബിൻ, രാജീവ്, ഹരിപ്രസാദ് എന്നിവരാണ് അന്വേഷണം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രദേശവാസികൾ അല്ലാത്തവർക്ക് സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി നൽകുമ്പോൾ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്ന് പത്തനാപുരം എസ്ഐ ശരലാല്‍ അറിയിച്ചു.
0 comments