കൊല്ലം റെയിൽവേ സ്റ്റേഷൻ നവീകരണം
യാത്രക്കാരെ വട്ടംകറക്കി റെയിൽവേ

നവീകരണത്തിന്റെ ഭാഗമായി കൊല്ലം റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടം തകരഷീറ്റ് ഉപയോഗിച്ച് മറച്ചപ്പോൾ
കൊല്ലം
നവീകരണത്തിന്റെ മറവിൽ കൊല്ലം റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ വട്ടംകറക്കി റെയിൽവേയും കരാറുകാരും. പ്രധാന കെട്ടിടം പൊളിക്കുന്നതിന്റെ ഭാഗമായി ടിക്കറ്റ് കൗണ്ടറിന് സൗകര്യമില്ലാത്ത താൽക്കാലിക കെട്ടിടം നിർമിച്ചതിനു പിന്നാലെ പ്രധാന കവാടങ്ങളും അടച്ചുപൂട്ടാൻ നീക്കം ആരംഭിച്ചു. യാത്രക്കാർക്ക് വന്നുപോകുന്നതിനായി സ്റ്റേഷനുമുന്നിൽ രണ്ടു കവാടമാണുള്ളത്. വാഹനങ്ങൾ കയറാനും ഇറങ്ങാനും ഈ വഴികൾ ഉപയോഗിക്കുന്നു. എന്നാൽ, ഈ വഴികൾ നിർമാണത്തിന്റെ മറവിൽ അടയ്‌ക്കുകയാണ്. ഇതിനായുള്ള ഫെൻസിങ് സ്ഥാപിക്കൽ ആരംഭിച്ചു. അടുത്തദിവസം തന്നെ പ്രധാന കവാടങ്ങൾ അടയും. അടയ്‌ക്കുന്ന മുൻ കവാടത്തിന് അരികെയാണ് താൽക്കാലിക ടിക്കറ്റ് കൗണ്ടർ ആരംഭിച്ചിട്ടുള്ളത്. മുൻഭാഗത്തെ കവാടങ്ങൾ അടയ്‌ക്കുന്നതിന്റെ ഭാഗമായി തെക്കുമാറി പുതിയ വഴി പ്ലാറ്റ് ഫോമിലേക്ക് തുറക്കുകയും ചെയ്‌തിട്ടുണ്ട്. ഇനിമുതൽ പുതിയ വഴിയിലുടെ വന്ന് താൽക്കാലിക കൗണ്ടറിലെത്തി ടിക്കറ്റ് എടുത്തശേഷം തിരികെ നടന്ന് പ്ലാറ്റ്‌ഫോമിൽ എത്തേണ്ട അവസ്ഥയാണ്. എന്നാൽ, പുതിയ വഴി തുറന്നിടത്ത് താൽക്കാലിക ടിക്കറ്റ് കൗണ്ടർ സൗകര്യം ഒരുക്കാൻ റെയിൽവേ തയ്യാറായിട്ടില്ല. അങ്ങനെ ചെയ്‌തിരുന്നെങ്കിൽ യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാമായിരുന്നു. താൽക്കാലിക കൗണ്ടറിൽ ഉണ്ടായിരുന്ന ടിക്കറ്റ് കൗണ്ടറിന്റെ എണ്ണം രണ്ടായി കുറച്ചതും യാത്രക്കാർക്ക് ബുദ്ധിമുട്ടാകുകയാണ്. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത താൽക്കാലിക ഷെഡിൽ ജീവനക്കാരും വീർപ്പുമുട്ടുകയാണ്. ഇവിടെ അടിസ്ഥാന സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ജീവനക്കാർ പ്രതിഷേധിച്ചിരുന്നു. അതിനിടെ രണ്ടാം പ്രവേശന കവാടവും ടെർമിനലും നവീകരണത്തിനായി വൈകാതെ പൊളിക്കുമെന്നാണ് സൂചന. വാണിജ്യാടിസ്ഥാനത്തിൽ ടെർമിനൽ പുതുക്കിപ്പണിയും. രണ്ടാം പ്രവേശന കവാടത്തിനുള്ളിൽ ചുറ്റും ഫെൻസിങ് സ്ഥാപിച്ചിട്ടുള്ളതും യാത്രക്കാരെ വലയ്‌ക്കുന്നു. ഇപ്പോൾ രണ്ടാം പ്രവേശന കവാടത്തിലൂടെ വരുന്ന യാത്രക്കാർ പാളങ്ങൾ മുറിച്ചുകടന്നാണ് പ്ലാറ്റ് ഫോമുകളിൽ എത്തുന്നത്. പ്രസ് ക്ലബ്ബിന്റെ ഭാഗത്തുകൂടിയുള്ള വഴിയും റെയിൽവേ പലപ്പോഴും പൂട്ടുന്നതും ചിന്നക്കടയിൽ ബസ് ഇറങ്ങിവരുന്ന യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നുണ്ട്.
Related News

0 comments