ജില്ലാ ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്
വാടി കോസ്റ്റൽ റിക്രിയേഷൻ ക്ലബ് ജേതാക്കൾ

കൊല്ലം
ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ കൊല്ലം ഫാത്തിമ മാതാ കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ജില്ലാ ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിലെ സി ഡിവിഷനിൽ അഞ്ച് കളിയിൽ നിന്ന് 15 പോയിന്റ് നേടി വാടി കോസ്റ്റൽ റിക്രിയേഷൻ ക്ലബ് ജേതാവായി. 12 പോയിന്റുമായി പ്രാക്കുളം ഫുട്ബോൾ ആക്കാദമി രണ്ടാംസ്ഥാനവും നേടി. കോസ്റ്റൽ റിക്രിയേഷൻ ക്ലബ്ബിലെ മോർഫിൻ ടൂർണമെന്റിലെ തരമായി തെരഞ്ഞെടുത്തു. ബി ഡിവിഷൻ ലീഗിൽ അഞ്ച് കളിയിൽ നിന്ന് 13 പോയിന്റുനേടി ജൂനിയർ കൊല്ലം ഫുട്ബോൾ അക്കാദമി (ജെകെഎഫ്‌ഐ)ജേതാക്കളായി. തേവള്ളി കമലാലയത്തിൽ ഡോ. ആർ ഗോപകുമാറിന്റെ സ്മാരണയ്ക്കായി ഏർപ്പെടുത്തിയ ട്രോഫിയും ക്യാഷ് അവാർഡും ലഭിക്കും. 12 പോയിന്റ് നേടി മയ്യനാട് സെലസ് സ്പോർട്സ് ക്ലബ് രണ്ടാംസ്ഥാനം നിലനിർത്തി. ലീഗ് മത്സരത്തിൽ പങ്കെടുത്തുകൊണ്ടിരിക്കെ അപകടത്തിൽ മരിച്ച ധീരജിന്റെ ഓർമയ്ക്കായി എർപ്പെടുത്തിയ ട്രോഫിയും ക്യാഷ് അവാർഡും ലഭിച്ചു. ബി ഡിവിഷൻ ലീഗിലെ മികച്ച താരമായി സെലസ് സ്പോർട്സ് ക്ലബ്ബിലെ അപ്പുവിനെയും തെരഞ്ഞെടുത്തു. ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് പന്മന മഞ്ജേഷ് ട്രോഫികൾ വിതരണംചെയ്‌തു. ജി ദ്വാരകമോഹൻ അധ്യക്ഷനായി. കെ ഗംഗാധരൻ, രാജേന്ദ്രൻ, എൻ കെ മുരളീധരൻ, സെക്രട്ടറി എ ഹിജാസ്, ഡോ. മനീഷ് റഷീദ്, ട്രഷറർ കുരുവിള ജോസഫ്, പ്രൊഫ. അരുൺ, സനോഫർ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന എ ഡിവിഷൻ മത്സരത്തിൽ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് സ്കോർ ലൈൻ എഫ്‌സി സ്കൈലാർക്ക് എഫ്‌സിയെ പരാജയപ്പെടുത്തി. രണ്ടാം മത്സരത്തിൽ ടികെഎം എൻജിനിയറിങ് കോളേജും രോഹിണി ഫുട്ബോൾ ക്ലബ്ബും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. എ ഡിവിഷൻ മത്സരങ്ങൾ 18ന് അവസാനിക്കും. നിലവിൽ ഒമ്പതു പോയിന്റുമായി സ്കോർലൈൻ എഫ്‌സി ഒന്നാം സ്ഥാനത്തും അഞ്ച് പോയിന്റുമായി ടികെഎം എൻജിനിയറിങ് കോളേജ് രണ്ടാം സ്ഥാനത്തുമാണ്.
0 comments