2005ൽ സ്ഥാനാർഥി 2025ൽ ഇലക്ടറൽ ഓഫീസർ

സൗമ്യ ഗോപാലകൃഷ്ണൻ
സ്വന്തം ലേഖകൻ
Published on Dec 03, 2025, 01:01 AM | 1 min read
കൊല്ലം
2005ൽ ജില്ലാ പഞ്ചായത്ത് സ്ഥാനാർഥിയായി വോട്ട് അഭ്യർഥിച്ച സൗമ്യ ഗോപാലകൃഷ്ണൻ 2025ൽ സമ്മതിദായകർക്ക് വോട്ട് ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ സജ്ജീകരിക്കുന്ന സർക്കാർ ഉദ്യോഗസ്ഥയാണ്. 2005ൽ ജില്ലാ പഞ്ചായത്ത് കരവാളൂർ ഡിവിഷനിൽനിന്ന് എൽഡിഎഫ് സ്ഥാനാർഥിയായി വിജയിച്ച ഭാരതീപുരം നഭസ്സിൽ സൗമ്യയാണ് വീണ്ടും തെരഞ്ഞെടുപ്പിന്റെ ഭാഗമായത്. ചങ്ങനാശേരി മുനിസിപ്പാലിറ്റിയിലെ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസറാണ് സൗമ്യ. ഡിവൈഎഫ്‌ഐയുടെയും മഹിളാ അസോസിയേഷന്റെയും ജില്ലാ കമ്മിറ്റി അംഗമായി പ്രവർത്തിക്കവെ 23–ാം വയസ്സിലാണ് ജില്ലാ പഞ്ചായത്തിലേക്ക് കന്നിയങ്കത്തിന് ഇറങ്ങിയത്. 6840 വോട്ട് ഭൂരിപക്ഷത്തിലായിരുന്നു വിജയം. അച്ഛൻ ഗോപാലകൃഷ്‌ണൻ സിപിഐ എം നേതാവും പഞ്ചായത്ത്‌അംഗവുമായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗമെന്ന നിലയിൽ പൊതുരംഗത്ത് സജീവമായിരുന്ന സൗമ്യ തിരക്കുകൾക്കിടയിലും പഠനത്തിലും പിഎസ്‌സി പരീക്ഷാ തയ്യാറെടുപ്പിലും പിറകോട്ടുപോയില്ല. ജില്ലാ പഞ്ചായത്ത് അംഗമായിരിക്കെ മൂന്ന് പിഎസ്‌സി പരീക്ഷകളെഴുതുകയും മൂന്നിലും പട്ടികയിൽ വരുകയുംചെയ്‌തു. ജനപ്രതിനിധിയെന്ന നിലയിൽ മികച്ച പ്രവർത്തനം നടത്തിയ സൗമ്യയ്‌ക്ക് 2011 ജനുവരി 11ന് അഞ്ചൽ വെസ്റ്റ് ഗവ. എച്ച്‌എസ്‌എസിൽ അധ്യാപികയായി നിയമനം ലഭിച്ചു. അതിനുശേഷം പത്തനംതിട്ട ജില്ലയിൽ കുറ്റൂർ പഞ്ചായത്ത് സെക്രട്ടറിയായി. പിന്നീട് അഞ്ചൽ, പത്തനാപുരം ബ്ലോക്കുകളിൽ ബിഡിഒ ആയി. ഇതിനിടെ കൊല്ലം ജില്ലാ ശുചിത്വമിഷന്റെ കോ– ഓർഡിനേറ്റർ ചുമതലയിലുമെത്തി. തദ്ദേശവകുപ്പ് ഏകീകരണത്തോടെ ഡെപ്യൂട്ടി ഡയറക്ടറാകുകയും ചങ്ങനാശേരി മുനിസിപ്പാലിറ്റിയുടെ സെക്രട്ടറിയാകുകയും ചെയ്‌തു. ജനപ്രതിനിധിയായപ്പോഴും ഉദ്യോഗസ്ഥയായപ്പോഴും ജനങ്ങളെ സേവിക്കുന്നതിൽ ഒരു കുറവും വരുത്തിയിട്ടില്ലെന്ന് സൗമ്യ പറയുന്നു.








0 comments