വികസന പൂരം കൊടിയേറി


സ്വന്തം ലേഖിക
Published on May 15, 2025, 01:24 AM | 1 min read
കൊല്ലം
ആശ്രാമം മൈതാനത്ത് എന്റെ കേരളം പ്രദർശനവിപണന മേളയോടെ വികസന പൂരത്തിന് കൊടിയേറി. ഏഴുനാൾ കൺനിറയെ കാഴ്‌ചകൾ. വിവിധ വകുപ്പുകളുടെ സേവനങ്ങൾ തൊട്ടറിയാനും കലാപരിപാടികൾ ആവോളം ആസ്വദിക്കാനും കുട്ടികൾക്ക് അവധിക്കാലം ആഘോഷമാക്കാനും കഴിയൂംവിധമാണ് മേള. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷ ഭാഗമായാണ് ‘എന്റെ കേരളം' പ്രദർശന വിപണനമേള നടക്കുന്നത്. 90 സർക്കാർ വകുപ്പുകളുടെയും വിവിധ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പാണ് സംഘാടനം. വിവിധ വകുപ്പുകളുടെ 263ലധികം സ്റ്റാളുണ്ട്. 20വരെയാണ് മേള ആദ്യദിനം നൂറുകണക്കിനാളുകൾ എത്തി. മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്തു. മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയായി. മേയർ ഹണി, എം നൗഷാദ് എംഎൽഎ, കലക്ടർ എൻ ദേവിദാസ്, ഡെപ്യൂട്ടി മേയർ എസ് ജയൻ, സിറ്റി പൊലീസ് കമീഷണർ കിരൺ നാരായണൻ, റൂറൽ എസ്‌പി സാബു മാത്യൂ, എഡിഎം ജി നിർമൽ കുമാർ, ഐ ആൻഡ് പിആർഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ എസ് ശൈലേന്ദ്രൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൽ ഹേമന്ത് കുമാർ തുടങ്ങിയവർ സംസാരിച്ചു.
0 comments