Deshabhimani

ചേലൊത്ത അഷ്‌ടമുടിക്ക്‌

അഷ്ടമുടിക്കായൽ
avatar
സ്വന്തം ലേഖകൻ

Published on May 11, 2025, 01:59 AM | 1 min read

കൊല്ലം

കൊല്ലത്തിന്റെ ടൂറിസം വികസനക്കുതിപ്പിൽ കൂടുതൽ അവസരങ്ങളുമായി അഷ്‌ടമുടി കേന്ദ്രീകരിച്ച്‌ 59കോടി രൂപയുടെ വിനോദസഞ്ചാര വികസനപദ്ധതിക്ക്‌ സർക്കാർ അംഗീകാരം. അഷ്‌ടമുടി ഉൾപ്പെടെ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കി നടപ്പാക്കുന്ന ജൈവവൈവിധ്യ ടൂറിസം സർക്യൂട്ടിന്റെ പ്രവൃത്തികൾക്ക്‌ പുറമെയാണ്‌ പുതിയ പദ്ധതി. രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ സംഘാടകസമിതി രൂപീകരണയോഗത്തിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ എൻ ബാലഗോപാൽ അഷ്‌ടമുടിക്ക്‌ പുതിയ പദ്ധതി നടപ്പാക്കുമെന്ന്‌ പ്രഖ്യാപിച്ചിരുന്നു. കേരള ടൂറിസം ഇൻഫ്രാസ്ട്രക്‌ചർ ലിമിറ്റഡിനാണ്‌ നിർവഹണച്ചുമതല. പദ്ധതിത്തുകയുടെ ആദ്യ ഗഡു ലഭിച്ചു. ഒരു വർഷത്തിനകം പ്രവൃത്തി പൂർത്തിയാക്കുമെന്ന്‌ കെടിഐഎൽ മാനേജിങ്‌ ഡയറക്‌ടർ മനോജ്‌കിണി പറഞ്ഞു. ലോക വിനോദസഞ്ചാര ഭൂപടത്തിൽ കൊല്ലത്തിന്റെ മുഖമാണ്‌ അഷ്‌ടമുടി. അപൂർവ ഇനങ്ങളിൽപ്പെട്ട കണ്ടൽക്കാടും ജൈവവൈവിധ്യങ്ങളുടെ കലവറയുമാണ്‌ ഇവിടം. ഇവിടുത്തെ പാരിസ്ഥിതിക സമൃദ്ധി സംരക്ഷിക്കപ്പെടണം. അഷ്ടമുടിക്ക്‌ കവചമായുള്ള 21 ഇനം അപൂർവ മരങ്ങൾ തീരത്ത്‌ കണ്ടെത്തിയിട്ടുണ്ട്‌. ഇവയെല്ലാം സംരക്ഷിക്കുന്നതാണ്‌ പദ്ധതി. പക്ഷികളും ശലഭങ്ങളും മരങ്ങളും അടങ്ങുന്ന ആവാസവ്യവസ്ഥയ്ക്ക് പൂർണ സംരക്ഷണം ഒരുക്കും. ഒപ്പം അഡ്വഞ്ചർ പാർക്ക്, ചിൽഡ്രൻസ്‌ പാർക്ക്‌, ഡിടിപിസി മോട്ടൽ, ഗവ. ഗസ്റ്റ്ഹൗസ്‌ എന്നിവയുടെ വികസനവും യാഥാർഥ്യമാകും.അഷ്‌ടമുടിക്കൊപ്പം ആശ്രാമം പ്രദേശത്തിനാകെയുള്ള ജൈവവൈവിധ്യ സംരക്ഷണവും ഉറപ്പുനൽകുന്നു. കൊല്ലത്തിന്റെ ചരിത്രവും പൈതൃകവും ലോകത്തെ അറിയിക്കുന്ന പ്രദർശനങ്ങൾ സംഘടിപ്പിക്കാനും ലക്ഷ്യമിടുന്നു. അഷ്‌ടമുടിയും പരിസരവും ബന്ധിപ്പിച്ചുള്ള നടപ്പാത, ഓപ്പൺ സ്‌പേസ്‌, വാച്ച്‌ടവർ, കാട്‌ മൂടിക്കിടക്കുന്ന ഗസ്‌റ്റ്‌ ഹൗസ്‌ പരിസരം മനോഹരമാക്കൽ, ആശ്രാമം മൈതാനം, പുനർജനി പാർക്ക്‌ എന്നിവയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. അഷ്‌ടമുടിയുടെ സമഗ്രവികസനം യാഥാർഥ്യമാകുന്നത്‌ കൊല്ലം നഗരവികസനത്തിനും വേഗം വർധിപ്പിക്കും.



Tags
deshabhimani section

Related News

View More
0 comments
Sort by

Home