ആനയടി ഗജമേളയ്‌ക്ക് സുരക്ഷ ഒരുക്കും

കൊല്ലം
ആനയടി പഴയിടം നരസിംഹസ്വാമി ക്ഷേത്രത്തിൽ 20 മുതൽ 29 വരെ നടക്കുന്ന ഉത്സവത്തിനു മുന്നോടിയായുള്ള സുരക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കലക്ടർ എൻ ദേവിദാസിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുമേധാവികളുടെയും ദേവസ്വം ഭരണസമിതി അംഗങ്ങളുടെയും യോഗം ചേർന്നു. 29ന് അമ്പതിലധികം ആനകളെ അണിനിരത്തിയുള്ള ഗജമേളയ്‌ക്ക് സുരക്ഷ ഒരുക്കും. പ്രദേശത്തെ ഉത്സവമേഖലയായി പ്രഖ്യാപിച്ചു. ഗതാഗത നിയന്ത്രണങ്ങൾക്ക് പൊലീസിനെ ചുമതലപ്പെടുത്തി. എലിഫെന്റ് സ്‌ക്വാഡും ഡോക്ടർമാരും ആനകളെ പരിശോധിക്കും. പ്രദേശത്ത് ബാരിക്കേഡുകൾ സ്ഥാപിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കും. ക്ഷേത്രക്കമ്മിറ്റി ഒരുക്കുന്ന 125 വളന്റിയർമാർക്ക് പൊലീസ് നിർദേശങ്ങൾ നൽകും. താൽക്കാലിക മെഡിക്കൽ സംവിധാനം ഒരുക്കുകയും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും ചെയ്യും. ജില്ലയിൽ ഉത്സവങ്ങളുടെ മേൽനോട്ടത്തിന് കലക്ടറുടെ നേതൃത്വത്തിൽ മോണിറ്ററിങ് സമിതിയുണ്ടാക്കാനും തീരുമാനമായി. ദേവസ്വം പ്രതിനിധികൾ, ആന ഉടമകൾ, പൊലീസ്, വനം വകുപ്പ്, അഗ്നിരക്ഷാസേന, ജില്ലാ മെഡിക്കൽ ഓഫീസർ, ചീഫ് വെറ്ററിനറി ഓഫീസർ തുടങ്ങിയവർ ഉൾപ്പെട്ടതാകും സമിതി. യോഗത്തിൽ എഡിഎം ജി നിർമൽകുമാർ, വിവിധ വകുപ്പുമേധാവികൾ, ക്ഷേത്ര ദേവസ്വം പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Related News

0 comments