തുടയെല്ലിലെ അപൂർവ അർബുദം ഭേദമാക്കി മാർസ്ലീവാ മെഡിസിറ്റി

പാലാ
യുവതിയുടെ തുടയെല്ലിൽ ബാധിച്ച അപൂർവ അർബുദം മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ സങ്കീർണ ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തു. കടുത്തുരുത്തി സ്വദേശിനിയായ മുപ്പത്തിയേഴുകാരി കാൽമുട്ടിലെ അസഹ്യമായ വേദനയെ തുടർന്ന് നിരവധി സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. സ്കാനിങിൽ തുടയെല്ലിൽ 15 സെന്റിമീറ്ററോളം വലുപ്പത്തിൽ അർബുദം കണ്ടെത്തി. തുടർന്നാണ് യുവതി മാർ സ്ലീവയിൽ എത്തിയത്. പരിശോധനയിൽ കാലിലേക്കുള്ള രക്തക്കുഴലിലേക്കും ഞരമ്പുകളിലേക്കും അർബുദം ബാധിച്ചതായി കണ്ടെത്തി. തുടർന്ന് ഓങ്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. റോണി ബെൻസന്റെ നിർദേശപ്രകാരം നടത്തിയ ബയോപ്സിയിലാണ് പരോസ്റ്റിയൽ ഒസ്റ്റിയോസാർക്കോമ എന്ന എല്ലിന് ബാധിക്കുന്ന അപൂർവ അർബുദം സ്ഥിരീകരിച്ചത്. രക്തക്കുഴലിനും ഞരമ്പുകൾക്കും കേടുപാട് സംഭവിക്കാതെ മണിക്കൂറുകൾനീണ്ട സങ്കീർണ ശസ്ത്രക്രിയയിലൂടെ അർബുദം പൂർണമായി നീക്കി. നീക്കംചെയ്ത തുടയെല്ലിന്റെയും കാൽമുട്ടിന്റെയും സ്ഥാനത്ത് കൃത്രിമമുട്ടും, തുടയെല്ലും സന്ധിയും മാറ്റി സ്ഥാപിച്ചു. അസ്ഥിരോഗ വിഭാഗം മേധാവി ഡോ. മാത്യു എബ്രഹാം, സീനിയർ കൺസൾട്ടന്റ് ഡോ. രാജീവ് പി ബി, സീനിയർ രജിസ്ട്രാർ ഡോ. അഭിരാം കൃഷ്ണൻ, സർജിക്കൽ ഓങ്കോളജി വിഭാഗം കൺസൾട്ടന്റ് ഡോ. ജോഫിൻ കെ ജോണി, അനസ്തേഷ്യ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. എബി ജോൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. പിറ്റേദിവസം മുതൽ നടന്ന യുവതി നാല് ദിവസത്തിനുള്ളിൽ ആശുപത്രി വിട്ടു.
0 comments